ജലന്ധര്‍ പീഡനം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യില്ല

0
28

ന്യൂഡല്‍ഹി:  കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യില്ല. കൂടുതല്‍ വൈദികരുടെ മൊഴിയെടുക്കാനുണ്ടെന്ന് ഡിവൈഎസ്പി എം.കെ. സുഭാഷ് പറഞ്ഞു. ബിഷപ്പിനെ ചോദ്യംചെയ്യുന്നത് വിശദമായ തെളിവെടുപ്പിനുശേഷം മാത്രമെന്നും ഡിവൈഎസ്പി അറിയിച്ചു.

അതേസമയം ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ നിര്‍ണായക മൊഴി ലഭിച്ചച്ചതായാണ്‌ സൂചന. ഇടയനോടൊപ്പം ഒരു ദിവസം എന്നപേരില്‍ ബിഷപ്പ് നടത്തിവന്ന പ്രാര്‍ത്ഥനയില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായതായി നിരവധി കന്യാസ്ത്രീകളുടെ ഭാഗത്തുനിന്നും പരാതികള്‍ ലഭിച്ചെന്ന് വൈദികര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.

പ്രാര്‍ത്ഥനയുടെ പേരില്‍ അര്‍ദ്ധരാത്രിയിലും ബിഷപ്പ് കന്യാസ്ത്രീകളെ വിളിപ്പിച്ചിരുന്നതായും മദര്‍സൂപ്പിരയറും അന്വേഷണസംഘത്തെ അറിയിച്ചു. ബിഷപ്പിനെ പൊലീസ് കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്‌.

ബിഷപ്പിനെതിരെ നാല് വൈദികരാണ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ഫ്രാങ്കോ ബിഷപ്പ് ജലന്ധറില്‍ എത്തിയതിന് പിന്നാലെ കന്യാസ്ത്രീകള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാസംഗമം നടത്തിയിരുന്നു. പിന്നാലെ കന്യാസ്ത്രീകളെ ഓരോരുത്തരെയായി മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് കന്യാസ്ത്രീകള്‍ രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാര്‍ത്ഥനാ സംഗമം നിര്‍ത്തിവെച്ചിരുന്നു.