തിരുവനന്തപുരം: അതി പ്രഗത്ഭനായ പാര്‍ലമെന്റേറിയനായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുസ്മരിച്ചു. പാര്‍ലമെന്റില്‍ ദീര്‍ഘകാലം ഇടതുപക്ഷത്തിന്റെ ധീരമായ ശബ്ദമായിരുന്നു സോമനാഥ് ചാറ്റര്‍ജി.
ജനവിരുദ്ധമായ നിയമനിര്‍മ്മാണങ്ങള്‍ക്കെതിരെ സോമനാഥ് ചാറ്റര്‍ജി നടത്തിയ പോരാട്ടം എന്നും സ്മരിക്കപ്പെടുമെന്നും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നായിരുന്നു സോമനാഥ് ചാറ്റര്‍ജിയുടെ അന്ത്യം. കഠിനമായ ശ്വാസതടസത്തെത്തുടര്‍ന്ന് വീട്ടില്‍നിന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പിന്നീട് കൂടുതല്‍ ഗുരുതരമാകുകയായിരുന്നു. വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന് ഒരുവട്ടം ഡയാലിസിസ് നടത്തിക്കഴിഞ്ഞു.
ജൂണ്‍ അവസാനവാരം മസ്തിഷ്കാഘാതമുണ്ടായിതിനെ തുടര്‍ന്നു അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് സോമനാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍നിന്നു വീട്ടിലേക്കുമാറ്റിയത്. വീട്ടില്‍വച്ച് വീണ്ടും ശ്വാസതടസം നേരിട്ടതോടെയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പത്തു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സോമനാഥ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 2004 മുതൽ 2009 വരെ സ്പീക്കറായി പ്രവർത്തിച്ചു. യുപിഎ സർക്കാരിനു സിപിഎം പിന്തുണ പിൻവലിച്ചതിനെ തുടർന്നു സ്പീക്കർ പദവിയിൽനിന്ന് രാജിവയ്ക്കാതിരുന്ന അദ്ദേഹത്തെ 2008ൽ പാർട്ടി പുറത്താക്കി.