ഇ.പി. ജയരാജന്‍റെ സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

0
35

തിരുവനന്തപുരം: ഇ.പി ജയരാജന്‍റെ നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് രമേശ്‌ ചെന്നിത്തല. ഇ.പി ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതിലെ ധാര്‍മ്മികത എന്താണെന്നാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവിന്‍റെ പ്രധാന ചോദ്യം. ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി മന്ത്രിസ്ഥാനം നഷ്ടമായ ഇ.പി ജയരാജന്‍ വീണ്ടും തിരിച്ചെത്തുകയാണ്.

മഴക്കെടുതിയില്‍ സംസ്ഥാനം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ യാതൊരു ആഘോഷങ്ങളും ഇല്ലാതെയാകും ജയരാജന്‍റെ സത്യപ്രതിജ്ഞ. നാളെ രാവിലെ 10 മണിക്കാണ് ഇ.പി.ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. ഇതോടെ പിണറായി വിജയന്‍ മന്ത്രിസഭയുടെ അംഗബലം 20 ആകും. ഇതിന് പുറമെ സിപിഐയ്ക്ക് ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കുന്നതിനും എല്‍ഡിഎഫ് അംഗീകാരം നല്‍കി.

ജയരാജന്‍ കൂടി എത്തുന്നതോടെ മന്ത്രിസഭയിലെ സിപിഐഎമ്മിന്റെ അംഗബലം 13 ആകും.മുന്‍പ് കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് ജയരാജന് ലഭിക്കുക.