എബി ഡിവില്ലിയേഴ്‌സ് ക്രീസിലേക്ക് തിരിച്ചെത്തുന്നു

0
75

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ക്രീസിലേക്ക് തിരിച്ചെത്തുന്നു. യുഎഇയില്‍ ഡിസംബര്‍ 19 മുതല്‍ നടക്കുന്ന പ്രഥമ ടി20ലിഗില്‍(യുഎഇ ടി20 എക്‌സ്) എബിഡി കളിക്കുമെന്നാണ് സൂചനകള്‍. ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യുഎഇ ടി20 എക്‌സ് ട്വിറ്ററിലൂടെയാണ് സൂപ്പര്‍ താരം കളിക്കുമെന്ന സൂചന നല്‍കിയത്.

ഏകദിന ക്രിക്കറ്റില്‍വേഗമേറിയ 50, 100, 150 റണ്‍സ് റെക്കോര്‍ഡുകള്‍ സ്വന്തമായുള്ള താരം കളിക്കാനെത്തും എന്നാണ് ട്വീറ്റ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ലീഗുകളില്‍ തുടര്‍ന്നും കളിക്കുമെന്ന് എബിഡി നേരത്തെ പ്രഖ്യാപിച്ചിരുന്നു.ആഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റന്‍സിനായി കളിക്കുന്ന എബിഡി അടുത്ത ഐപിഎല്‍ സീസണിലും റോയല്‍ ചലഞ്ചേഴ്‌സ്ബാംഗ്ലൂരിനായികളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ‍.

ഡിസംബര്‍ 19ന് ആരംഭിച്ച്‌ ജനുവരി 11 വരെയാണ് യുഎഇ ടി20 എക്‌സ് നടക്കുന്നത്. അബുദാബി, ദുബായി, ഷാര്‍ജ എന്നീ വേദികളിലായി 24 മത്സരങ്ങളാണ് ടൂര്‍ണമെന്‍റിലുണ്ടാവുക. 16 താരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് ടീമുകള്‍ മാറ്റുരയ്ക്കും. ഓരോ ടീമിലും ആറ് അന്താരാഷ്ട്ര താരങ്ങള്‍, രണ്ട് എമേര്‍ജിംഗ് താരങ്ങള്‍, അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മൂന്നുപേര്‍, രണ്ട് യുവ താരങ്ങള്‍, മൂന്ന് യുഎഇ താരങ്ങള്‍ വീതമുണ്ടാകും.