കാലവര്‍ഷക്കെടുതി: നാല്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

0
37

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ നാല്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് നിയന്ത്രിത അവധി. വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ചില താലൂക്കുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പറവൂര്‍ താലൂക്കില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ തലവടി, മുട്ടാര്‍, പുളിങ്കുന്ന്, കൈനകരി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. ശക്തമായ മഴ തുടരുന്നതിനാല്‍ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.