റഫേല്‍ ഇടപാട്‌: ആരോപണങ്ങൾ അടിസ്ഥാനരഹിതവും അസത്യവുമെന്ന് റിലയൻസ്, കരാര്‍ ലഭിച്ചിരിക്കുന്നത് സര്‍ക്കാരില്‍ നിന്നല്ല

0
39

ന്യൂഡൽഹി: റഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ മുഴുവൻ അടിസ്ഥാനരഹിതവും അസത്യവുമാണെന്നു അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഡിഫൻസ് കമ്പനി.

വിമാന നിർമാണക്കമ്പനിയായ ഡാസോളിൽ നിന്നാണ് തങ്ങൾക്കു കരാർ ലഭിച്ചിരിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയത്തിൽ നിന്നല്ലെന്നും വിദേശ കമ്പനികൾ ഇന്ത്യയിലെ പങ്കാളികളെ നിശ്ചയിക്കുന്നതിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്നും പ്രതിരോധ മന്ത്രാലയത്തെ അറിയിക്കണമെന്നില്ലെന്നും സിഇഒ രാജേഷ് ധിൻഗ്ര വ്യക്തമാക്കി.

യുപിഎ ഭരണകാലത്ത് നിശ്ചയിച്ചിരുന്നതിലും ഉയര്‍ന്ന തുകയില്‍ റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചത് റിലയന്‍സിന് വേണ്ടിയാണെന്നും ഇതില്‍ വലിയ അഴിമതി ഉണ്ടെന്നും ആരോപിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിച്ച് വരുന്നതിനിടെയാണ് റിലയന്‍സിന്റെ ഭാഗത്ത് നിന്ന് സര്‍ക്കാരിനെ ആരോപണമുഖങ്ങളില്‍നിന്ന് രക്ഷിക്കുന്ന തരത്തിലുള്ള പ്രതികരണം ഉണ്ടായിരിക്കുന്നത്.

വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് റിലയന്‍സ് ഡിഫന്‍സ് സിഇഒ പ്രതികരിച്ചത്. നേരത്തെ ഇതേ കാരണങ്ങള്‍ റിലയന്‍സ് ഉടമ അനില്‍ അംബാനിയും രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.