ചെന്നൈ: അന്തരിച്ച ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കരുണാനിധിയെ ചെന്നൈ മറീന ബീച്ചില്‍ സംസ്കരിക്കാന്‍ അനുവദിച്ചില്ലായിരുന്നെങ്കില്‍ താന്‍ മരിക്കുമായിരുന്നുന്ന് മകനും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന് പറഞ്ഞു. ചെന്നൈയില്‍ കരുണാനിധിയെ അനുസ്മരിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുണാനിധിക്ക് ഇനി മണിക്കൂറുകള്‍ മാത്രമാണ് ആയുസെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതേതുടര്‍ന്നാണ് അദ്ദേഹത്തിന്റെ മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ഞാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ കണ്ടത്. കരുണാനിധിയെ മറീന ബീച്ചില്‍ അന്ത്യവിശ്രമം കൊള്ളാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ തീരുമാനിക്കുകയും ചെയ്തു. ഞാന്‍ നേരിട്ട് പോയി അക്കാര്യം സംസാരിക്കേണ്ടെന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പറഞ്ഞത്. എന്നാല്‍, ഞാനത് ചെവിക്കൊണ്ടില്ല. എല്ലാം മാറ്റിവച്ച് എടപ്പാടിയെ കാണാന്‍ പോയി. അച്ഛനെ മറീനയില്‍ സംസ്കരിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ കൈപിടിച്ച് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിയമോപദേശവും അതിന് എതിരായിരുന്നു. ഡി.എം.കെയും തമിഴ്നാട്ടില്‍ അധികാരത്തിലിരുന്നതിനാല്‍ നിയമം മാറ്റാവുന്നതേയുള്ളൂവെന്ന് പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു – സ്റ്റാലിന് വെളിപ്പെടുത്തി.
കരുണാനിധിയുടെ മരണം സ്ഥിരീകരിച്ചതോടെ പാര്‍ട്ടി നേതാക്കള്‍ വീണ്ടും മുഖ്യമന്ത്രിയെ കണ്ട് മറീനയില്‍ സംസ്കാരത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, മുഖ്യമന്ത്രി വഴങ്ങിയില്ല. മുന്‍ മുഖ്യമന്ത്രിമാരെ മറീനയില്‍ സംസ്കരിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. അപ്പോഴാണ് ഹൈക്കോടതിയെ സമീപിക്കാമെന്ന് തങ്ങളുടെ അഭിഭാഷകന് പറഞ്ഞതെന്നും സ്റ്റാലിന് വ്യക്തമാക്കി.