ഡിഎംകെയെ സ്റ്റാലിന്‍ നയിക്കണമെന്ന് നേതാക്കള്‍

0
41

ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ മരണത്തിന് ശേഷം നടന്ന ആദ്യ പാര്‍ട്ടി യോഗത്തില്‍ കരുണാനിധിയുടെ മകനും നിലവിലെ വര്‍ക്കിംഗ് പ്രസിഡന്‍റുമായ സ്റ്റാലിന്‍ ഡിഎംകെ തലപ്പത്തേക്ക് എത്തണമെന്ന ആവശ്യം ഉന്നയിച്ച് നേതാക്കള്‍

300 ഓളം പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് സ്റ്റാലിന്‍ തന്നെ പാര്‍ട്ടിയെ നയിക്കണമെന്ന ആവശ്യം ശക്തമായത്. കഴിഞ്ഞ നാല് വര്‍ഷമായി പാര്‍ട്ടിയ്ക്ക് പുറത്തു നിര്‍ത്തിയ കരുണാനിധിയുടെ മൂത്ത മകന്‍ അഴഗിരി രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നുവെന്ന സൂചനകള്‍ നല്‍കിയിരുന്നു. ഇത് സ്റ്റാലിന്‍റെ ഡിഎംകെയിലെ സ്ഥാനത്തിന് ചലനമുണ്ടാക്കുമെന്ന് സംശയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് സമ്മര്‍ദ്ദമില്ലെന്നാണ് ഇന്നത്തെ യോഗം വ്യക്തമാക്കുന്നത്.

കരുണാനിധിയിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമമൊരുക്കുന്നതിനെ എതിര്‍ത്ത സംഭവത്തോട് പ്രതികരിച്ചാണ് കലൈഞ്ജറുടെ മരണത്തിന് ശേഷം സ്റ്റാലിന്‍ ആദ്യമായി സംസാരിച്ചത്. ”മറീന ബീച്ചില്‍ അന്ത്യവിശ്രമമൊരുക്കാന്‍ സ്ഥലത്തിനായി തമിഴ്നാട് മുഖ്യമന്ത്രിയുടെ കൈ പിടിച്ച് ഞാന്‍ കെഞ്ചി. എന്നാല്‍ അവര്‍ സമ്മതിച്ചില്ല… അവര്‍ കേസില്‍ തോറ്റു ” – സ്റ്റാലിന്‍ പറഞ്ഞു. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കരുണാനിധിയുടെ സംസ്കാര ചടങ്ങുകള്‍ മറീനയില്‍ നടത്തിയത്.

വര്‍ക്കിംഗ് പ്രസിഡന്‍റ് തങ്ങളെ പാര്‍ട്ടി പ്രസിഡന്‍റായി തയിക്കുമെന്ന് ഡിഎംകെ നേതാവ് ദുരൈമുരുകന്‍ പറഞ്ഞു. ”പാര്‍ട്ടിയെ നയിച്ചിരുന്ന നേതാവ് പോയി, ഇനി ആരു നയിക്കുമെന്ന് അറിയില്ല. എന്നാല്‍ സ്റ്റാലിന് അതിനുള്ള എല്ലാവിധ കഴിവുമുണ്ട്” – മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ടി ആര്‍ ബാലു പറഞ്ഞു. കരുണാനിധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് സ്റ്റാലിനാണ് വര്‍ഷങ്ങളായി പാര്‍ട്ടിയെ നയിച്ചിരുന്നത്.

2014 ലാണ് അഴഗിരിയെ എം കെ സ്റ്റാലിനുമായുള്ള തർക്കത്തെ തുടർന്ന് കരുണാനിധി പാർട്ടിയില്‍ നിന്നും പുറത്താക്കിയത്. തുടർന്ന് പലതവണ തിരിച്ചുവരാൻ അഴഗിരി ശ്രമം നടത്തിയെങ്കിലും കരുണാനിധി സമ്മതിച്ചിരുന്നില്ല. ഇതിനിടെ ഡിഎംകെയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന സൂചന നല്‍കിക്കൊണ്ട് എം കെ അഴഗിരിയുടെ വീഡിയോ പുറത്തിറങ്ങി. 51 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോ അഴഗിരിയുടെ പേരില്‍ അണികള്‍ നിയന്ത്രിക്കുന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തത്. മകന്‍ ദുരൈദയാനിധിയാണ് ഇതിന് പിന്നിലെന്നാണ് സൂചന.