നിറപുത്തരി പൂജ: ശബരിമല നട ഇന്ന് തുറക്കും, ത്രിവേണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

0
47

പത്തനംതിട്ട: നിറപുത്തരി പൂജക്കായി ഇന്ന് ശബരിമല നടതുറക്കും. പമ്പ ത്രിവേണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ നിറപുത്തരി ചടങ്ങുകൾക്കുള്ള നെൽ കതിർ കൊണ്ട് പോകാനും തന്ത്രിക്ക് ശബരിമലയിൽ പോകാനും നദി കടക്കാൻ സൗകര്യമൊരുക്കണമെന്ന് ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. കനത്തമഴയിൽ പമ്പ ത്രിവേണിയിലെ മൂന്ന് പാലങ്ങളും വെള്ളത്തിനടിയിലാണ്. ത്രിവേണിയിൽ വെള്ളം കയറിയതോടെ ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മുന്നറിയിപ്പ് അവഗണിച്ച്‌ എത്തുന്ന തീര്‍ഥാടകരെ പമ്പയിലെത്തുന്നതിന് മുമ്പ്‌
തടയും. പമ്പയിലെ വിവിധ ഡാമുകള്‍ തുറന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പ നദിയ്ക്ക് കുറുകെയുള്ള പാലം വെള്ളം കയറിയ അവസ്ഥയിലാണ്.ഇത് കണക്കിലെടുത്താണ് നിര്‍ദ്ദേശം. കക്കി, ആനത്തോട് ഡാമുകള്‍ ഉള്‍പ്പെടെ ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള ഡാമുകളുടെയെല്ലാം ഷട്ടറുകള്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നിരിക്കുകയാണ്. ഇതാണ് വെള്ളപ്പൊക്കം രൂക്ഷമാകാന്‍ കാരണം. പമ്ബയിലും ത്രിവേണിയിലും വെള്ളം കയറി. പാലങ്ങള്‍ മുങ്ങിയിരിക്കുകയാണ്.

അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിലയ്ക്കലില്‍ താമസിക്കാനുള്ള സൗകര്യം ദേവസ്വംബോര്‍ഡ് ഒരുക്കി നല്‍കും. എന്നാല്‍ പമ്പ നദിയിലെ വെള്ളത്തിന്റെ അപകടാവസ്ഥയ്ക്ക് മാറ്റം വരാതെ അയ്യപ്പഭക്തരെ പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് കടത്തിവിടില്ല. പമ്പയില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചും വടം കെട്ടിയും അപകട മുന്നറിയിപ്പ് നല്‍കിയും അയ്യപ്പഭക്തര്‍ക്ക് സ്ഥിതിഗതികള്‍ കൈമാറും.

ഭക്തര്‍ അപകട മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍ മുഖവിലക്കെടുക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. പമ്പയിലെ ദേവസ്വം ബോര്‍ഡിന്റെ മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്. തീര്‍ഥാടകരെ തടയുമെങ്കിലും നിറപുത്തരി ആഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ല.