ആലപ്പുഴയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി; മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി, നാല് പേരെ രക്ഷിച്ചു

0
47

ആലപ്പുഴ: വൈപ്പിനില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യതൊഴിലാളികളെ നാവികസേന രക്ഷിച്ചു. ആലപ്പുഴയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് മത്സ്യബന്ധന ബോട്ട് മുടങ്ങിയത്.

കനത്ത മഴ വകവയ്ക്കാതെ കടലില്‍ പോയ സംഘം കനത്ത തിരയിലും കാറ്റിലും അകപ്പെടുകയായിരുന്നു. ബോട്ട് മുങ്ങിയതിന് പിന്നാലെ നാല് പേര്‍ തടിയില്‍ പിടിച്ചു കിടന്നു. നാവികസേനയുടെ അവസരോചിത ഇടപെടല്‍ കാരണമാണ് ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞത്. രക്ഷപെട്ട നാല് പേരെയും ഹെലികോപ്റ്ററില്‍ കരയില്‍ എത്തിച്ച്‌ അടിയന്തര ചികിത്സ നല്‍കി. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണ് കടലിലുള്ളത്. കനത്ത മഴയില്‍ കാഴ്ചക്കുറവും അനുഭവപ്പെടുന്നുണ്ട്. നാവികസേനയുടെ കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.