പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു കേരളത്തിലെത്തും

0
43

തിരുവനന്തപുരം: കേരളത്തിലെ പ്രളയം കനത്ത നാശം വിതച്ചിരിക്കെ സ്ഥിതിഗതികള്‍ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു കേരളത്തിലെത്തും. ഇന്നു വൈകിട്ടോടെ ഇവിടെയെത്തുന്ന പ്രധാനമന്ത്രി, നാളെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കേരളം ചോദിക്കുന്നതെല്ലാം തരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ വരവ് അറിയിച്ച കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം വ്യക്തമാക്കി.

കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.. മഴക്കെടുതിയിൽ ഇതുവരെ 103 പേർ മരിച്ചതായാണ് കണക്ക്. സംസ്ഥാനത്ത് ആകെ 1155 ക്യാംപുകളിലായി 1,66,538 പേരാണുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

വിവിധ സ്ഥലങ്ങൾ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. ശനിയാഴ്ച രാവിലെ മുതൽ കൂടുതൽ ഹെലികോപ്റ്ററുകൾ എത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.