യുവേഫ സൂപ്പര്‍ കപ്പ് അത്ലറ്റിക്കോ മാഡ്രിഡിന്!!

0
34

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാത്ത റയല്‍ മാഡ്രിഡ് യുഗത്തിന് നിരാശയോടെ ആരംഭം. ഇന്ന് എസ്റ്റോണിയയില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തില്‍ സ്വന്തം നാട്ടിലെ വൈരികളായ അത്ലറ്റിക്കോ മാഡ്രിഡ് ആണ് റയല്‍ മാഡ്രിഡിനെ തകര്‍ത്തത്. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടം രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചത്.

കളി ആരംഭിച്ച്‌ 49 സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ വല കുലുക്കി കൊണ്ട് ഡിയോഗോ കോസ്റ്റ അത്ലറ്റിക്കോ മാഡ്രിഡിന് ലീഡ് നല്‍കി. സൂപ്പര്‍ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഗോളായും ഇത് മാറി. ഈ ഗോളില്‍ ആദ്യ റയല്‍ ഇന്ന് വിറച്ചു എങ്കിലും പതിയ ലോപെറ്റെഗയുടെ ടീം താളം കണ്ടെത്തി. റൊണാള്‍ഡോയുടെ അഭാവത്തില്‍ ബെയ്ല് ആയിരുന്നു റയലിന്റെ ആക്രമണങ്ങളെ ഒക്കെ നയിച്ചത്. 27ആം മിനുട്ടില്‍ ബെയ്ല് തന്നെ റയലിന് ഗോളിനായുള്ള വഴിയും ഒരുക്കി.

വലതു വിങ്ങില്‍ നിന്ന് ബെയ്ല് കൊടുത്ത ക്രോസ് ഹെഡ് ചെയ്ത് വലയിലാക്കി ബെന്‍സീമ കളി 1-1 എന്ന നിലയിലാക്കി. കളിയുടെ രണ്ടാം പകുതിയില്‍ ഒരു പെനാള്‍ട്ടിയിലൂടെ ആയിരുന്നു റയലിന്റെ രണ്ടാം ഗോള്‍ വന്നത്. ഹാന്‍ഡ്ബാളിന് കിട്ടിയ പെനാള്‍ട്ടി ക്യാപ്റ്റന്‍ റാമോസ് ഒബ്ലാക്കിനെ കീഴ്പ്പെടുത്തി ഗോളാക്കി മാറ്റി. കളി റയലിന്റെ കയ്യിലായെന്ന് തോന്നിച്ചു എങ്കിലും വീണ്ടും കോസ്റ്റ തന്നെ റയലിന്റെ വില്ലനായി.

79ആം മിനുട്ടില്‍ കൊരീയയുടെ മികച്ച ഒരു പാസ് ഫിനിഷ് ചെയ്ത് കോസ്റ്റ കളി വീണ്ടും 2-2 എന്നാക്കി. കോസ്റ്റയുടെ ഗോള്‍ കളി എക്സ്ട്രാ ടൈമിലേക്ക് എത്തിക്കുകയായിരുന്നു. എക്സ്ട്രാ ടൈമില്‍ സോള്‍ നിഗസ് നേടിയ അത്ഭുത ഗോള്‍ അത്ലറ്റിക്കോ മാഡ്രിഡിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു. ഒരു തകര്‍പ്പന്‍ ഇടം കാലന്‍ വോളിയിലൂടെ ആയിരുന്നു നിഗസിന്റെ ഗോള്‍.

3-2 എന്ന സ്കോറില്‍ നിന്ന് റയല്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നതിന് മുമ്ബ് തന്നെ അത്ലറ്റിക്കോ മാഡ്രിഡ് നാലാം ഗോളും നേടി. കോസ്റ്റയും വിറ്റോലോയും നടത്തിയ നീക്കത്തിന് ഒടുവില്‍ ഫസ്റ്റ് ടച്ച്‌ ഫിനിഷിലൂടെ കോകെയാണ് അത്ലറ്റിക്കോയുടെ നാലാം ഗോള്‍ നേടിയത്.