കനത്തമഴ; ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി; പമ്പയിലെ ജലനിരപ്പും ഉയരുന്നു

0
32

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ച് കനത്തമഴ തുടരുന്നു. ചെങ്ങന്നൂര്‍-തിരുവല്ല മേഖലകളില്‍ ഇന്നലെ രാത്രി ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. ആറന്‍മുള, കോഴഞ്ചേരി ഭാഗത്തും കനത്ത മഴയും കാറ്റും തുടരുന്നു. പമ്പയിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നുണ്ട്.

ചെങ്ങന്നൂരില്‍ രാത്രിതന്നെ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലും രക്ഷാപ്രവര്‍ത്തനം ഇന്നലെ പുരോഗമിച്ചു. എന്നാല്‍ രാത്രിയും കനത്തമഴയും വെളിച്ചക്കുറവുമെല്ലാം രക്ഷാപ്രവര്‍ത്തനെത്തെ സാരമായി ബാധിച്ചു. എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് കൃത്യമായി വിവരം ലഭ്യമല്ലാത്തതും തിരിച്ചടിയാവുന്നു.

അതേസമയം ചെങ്ങന്നൂരിലേക്ക് കരസേനയുടെ 25 ബോട്ടുകൾ ഉടനെത്തും. ഇതോടെ ഈ മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാകുമെന്നാണ് വിലയിരുത്തല്‍. ജോധ്പൂരിലെ സൈനിക ആസ്ഥാനത്തു നിന്നാണ് ബോട്ടുകൾ എത്തിക്കുക.

എംസി റോഡിലെ ഗതാഗതം നിലച്ചതും രക്ഷാപ്രവര്‍ത്തകര്‍ക്കും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും തിരിച്ചടിയാവുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന പതിനായിരങ്ങളില്‍ നിരവധി പേര്‍ക്ക് ഭക്ഷണവും മരുന്നുകളുമില്ല. പാണ്ടനാട് മാത്രം 1500ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.