കേരളത്തെ കണ്ണീരില്‍ മുക്കി പ്രളയക്കെടുതി; ഇന്ന് 9 മരണം, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

0
30

തിരുവനന്തപുരം: ദുരിതം വിതച്ച് കേരളത്തില്‍ പ്രളയക്കെടുതികള്‍ തുടരുന്നു. ഇന്ന് 9 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. മുരിങ്ങൂര്‍ ഡിവൈന്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവല്ല തുകലശേരി ചെമ്പോലിമുക്കില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

പറവൂരില്‍ ചക്കുമശേരി ദുരിതാശ്വാസ ക്യാംപിലെ സതീശന്‍ മരിച്ചു. പോത്താനിക്കാട് ഒഴുക്കില്‍പെട്ട് കാണാതായ കെ.സി.മാനുവലിന്റെ മൃതദേഹം കിട്ടി. തിരുവല്ല കടപ്രയിലേക്കു പോയ രണ്ട് അഗ്നിശമനസേനാംഗങ്ങളെക്കുറിച്ച് വിവരമില്ല. ഫയര്‍ഫോഴ്‌സിന്റെ വാര്‍ത്താവിനിമയ സംവിധാനവും തകരാറിലായി.

ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന രംഗത്തിറങ്ങി. പാണ്ടനാട്, മംഗലം മേഖലകള്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടക്കുന്നു. തിരുവല്ല മേഖലയില്‍ 70 ബോട്ടുകള്‍ എത്തിച്ചു. ഭക്ഷണവും വെള്ളവും മരുന്നും ചികില്‍സയും നല്‍കാന്‍ വന്‍ സന്നാഹം ഏർപ്പെടുത്തി. എന്നാൽ വെള്ളപ്പൊക്കം കാരണം ഇവ ക്യാംപുകളില്‍ എത്തിക്കാനാവുന്നില്ല. കുത്തൊഴുക്കും വലിയ വെള്ളക്കെട്ടും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു.

അതിനിടെ പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് 500 കോടി രൂപ ഇടക്കാലാശ്വാസമായി പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചു. പ്രളയക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ‌തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രധാനമന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.