പ്രളയത്തില്‍ മുങ്ങിയ കേരളത്തിനെ മറക്കാതെ ഇന്ത്യന്‍ സംസ്ഥാനങ്ങളും രാഷ്ട്രീയ നേതാക്കളും

0
65

തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ കേരളത്തിനെ മറക്കാതെ ഇന്ത്യന്‍ സംസ്ഥാനങ്ങളും രാഷ്ട്രീയ നേതാക്കളും. പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരുകളും സഹായം നൽകിയത്.

വിവിധ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച സഹായധനം: തെലങ്കാന – 25 കോടി രൂപ, മഹാരാഷ്ട്ര – 20 കോടി, ഉത്തർപ്രദേശ് – 15 കോടി, ഡൽഹി – 10 കോടി, മധ്യപ്രദേശ് – 10 കോടി രൂപ, പഞ്ചാബ് – 10 കോടി, ബിഹാർ – 10 കോടി, ഹരിയാന – 10 കോടി, ഛത്തീസ്ഗഡ് – 10 കോടി, ഗുജറാത്ത് – 10 കോടി, കർണാടക – 10 കോടി, തമിഴ്നാട് – അഞ്ച് കോടി, ജാർഖണ്ഡ് – അ‍ഞ്ച് കോടി, ഒഡിഷ – അഞ്ച് കോടി, ഹിമാചൽ പ്രദേശ് – അഞ്ച് കോടി, ഉത്തരാഖണ്ഡ് – അഞ്ചു കോടി.

രാജ്യത്തെ എല്ലാ കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിന് സംഭാവന നൽകുമെന്നു കോണ്‍ഗ്രസ് അറിയിച്ചു. ആംആദ്മി പാർട്ടി എംപിമാരും എംഎൽഎമാരും ഒരു മാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു.

ധനസഹായത്തിനു പുറമെ രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ അഗ്നിശമന സേനാംഗങ്ങളുൾപ്പെടെയുള്ള സന്നാഹങ്ങൾ നൽകാമെന്ന് ഒ‍ഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള സാമഗ്രികൾ സൗജന്യമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു നൽകാമെന്ന് കർണാടക ആർടിസിയും അറിയിച്ചു. പഞ്ചാബ് ഭക്ഷണപ്പൊതികൾ എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്ത് ഒരു മാസത്തെ ശമ്പളം കേരളത്തിന് നൽകും. മഹാരാഷ്ട്ര മന്ത്രി രവീന്ദ്ര ചവാനും ഒരു മാസത്തെ ശമ്പളം നൽകിയിട്ടുണ്ട്. ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.