പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: ചെങ്ങന്നൂര്‍ കേരളത്തിന്റെ കണ്ണീരായി മാറിയേക്കും. വെള്ളവും ഭക്ഷണവും മരുന്നും ലഭിക്കാതെ ആയിരക്കണക്കിന് പേരാണ് ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നത്. വീടുകളുടെ രണ്ടാം നിലയിലും ടെറസുകളിലും ഭക്ഷണവും വെള്ളവും കിട്ടാതെ 3 ദിവസത്തിലേറെയായി ഈ കുടുങ്ങിക്കിടക്കല്‍.
ഇവരെക്കുറിച്ചുള്ള ഒരു വിവരങ്ങളും ആര്‍ക്കും ലഭിക്കുന്നുമില്ല. ടെലഫോൺ വൈദ്യുത ബന്ധങ്ങൾ പാടെ തകരാറിലാണ്.വാർത്തവിനിമയ മാർഗ്ഗങ്ങളും നാമമാത്രമാണ്. .ഈ മേഖലയിലെ ദുരന്തത്തിന്റെ വ്യാപ്തി രൂക്ഷമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിയുന്ന ഇവര്‍ ജീവനോടെയിരുപ്പുണ്ടോ എന്ന സംശയമാണ് ആശങ്കയോടെ ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന് പങ്കുവെച്ചത്.
ഇന്നു രാവിലെ വരെ സഹായം എത്തിച്ചില്ലെങ്കില്‍ എന്തും സംഭവിക്കാമെന്നാണ് സജി ചെറിയാന് പ്രതികരിച്ചത്. ചെങ്ങന്നൂരിലെ വിവിധ വാര്‍ഡുകളിലും പഞ്ചായത്തിലും പതിനായിരത്തോളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. എയര്‍ ലിഫ്റ്റിംഗ് അല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് സജി ചെറിയാന് പറഞ്ഞത്. ഇന്നലെ രാത്രി തന്നെ സഹായം എത്തിക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും രാത്രി ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമെന്നു വിലയിരുത്തപ്പെട്ടതോടെയാണ് ചെങ്ങന്നൂരിലെ സ്ഥിതിഗതികള്‍ ആശങ്കയിലേക്കാണ് പോകുന്നത് എന്ന് വ്യക്തമായത്.
രക്ഷാപ്രവർത്തകരുടെ കനിവുണ്ടായില്ലങ്കിൽ മരണസംഖ്യ അനുനിമിഷം ഉയര്‍ന്നേക്കാവുന്ന അവസ്ഥയിലാണ് ചെങ്ങന്നൂരിന്റെ സ്ഥിതിയെന്നു വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. ഇന്നലെ തന്നെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് ചെങ്ങന്നൂരില്‍ വീടിനുള്ളില്‍ മരിച്ച് കിടക്കുന്നത് കണ്ടത്. ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മരണം ഈ കുടുംബത്തില്‍ താണ്ഡവമാടിയത്.
ചെങ്ങന്നൂര്‍ കുടുങ്ങിക്കിടക്കുന്നവരില്‍ രോഗികളും ഗര്‍ഭിണികളും ഉണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത അവസ്ഥയില്‍ ഇവരുടെ അവസ്ഥ എന്തെന്ന് ആര്‍ക്കും അറിയില്ല. വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ മാത്രമല്ല രക്ഷാപ്രവര്‍ത്തകരും മരണപ്പെടുന്നുണ്ട്. അപ്പര്‍ കുട്ടനാട് രക്ഷാപ്രവര്‍ത്തനത്തിനു ബോട്ടില്‍ പോയവരില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെയുള്ളവര്‍ ഇനിയും തിരിച്ചെത്തിയില്ലെന്നാണ് 24 കേരളയോടു ആലപ്പുഴയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.
ദുരന്തമരണങ്ങള്‍ സ്ഥിരീകരിക്കാന്‍ റവന്യൂവകുപ്പ് കാലതാമസം വരുത്തുകയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഉള്ള ഔദ്യോഗിക അറിയിപ്പുകള് വൈകുകയാണ്. ചെങ്ങന്നൂരിൽ വെള്ളം താഴാത്തതാണ് പ്രശ്നത്തിന് കാരണം. ഇതു മൂലം രക്ഷാപ്രവർത്തനം അസാധ്യമാകുന്നു. ബോട്ട് പോകുന്നില്ല. എയര്‍ ലിഫ്റ്റിംഗ് സാധ്യമാകുന്നില്ല. ഇത് സ്ഥിതി വഷളാക്കുന്നു. കൂടുതൽ സൈന്യം ഈ മേഖലകളിലുണ്ട്.
ചെങ്ങന്നൂരിലെ പ്രധാന പ്രശ്നം രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കപ്പെടുന്നില്ലാ എന്നാണ്. രക്ഷാപ്രവര്‍ത്തകര്‍ പോലും അതാതിടങ്ങളിലെ ആളുകളെ മാത്രമാണ് രക്ഷിക്കുന്നത്. മറ്റ് ഫോണ്‍ കോളുകള്‍ വന്നാല്‍ ഇവര്‍ അത് അവഗണിക്കുന്നതായും ആരോപണമുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്കാണ് രക്ഷാപ്രവര്‍ത്തനം അസാധ്യമാക്കുന്നത്. മൂന്നു പേര് മരിച്ച ഈ വീട് രക്ഷാപ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നു. അവര്‍ക്ക് പക്ഷെ വെള്ളത്തിന്റെ ഒഴുക്ക് കാരണം ഈ വീട്ടിലേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. മൂന്നു പേരും മരിക്കുകയും ചെയ്തു.
പാണ്ടനാട്, ചെങ്ങന്നൂർ മേഖലയിൽ രാവിലെ ആറു മണിയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മേഖലയിൽ ബോട്ടുകൾ എത്തിക്കാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. കൊല്ലുകടവ് പാലത്തിനടുത്തുള്ള ചപ്പാത്തിൽ വെള്ളം കയറിയത് റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനമാണ് ഇവിടെ നടത്താൻ ശ്രമിക്കുന്നത്.
മരങ്ങള്‍ വഴി മുടക്കുന്നു. ചെരിവുള്ള പ്രദേശങ്ങളും. ബോട്ടുകള്‍ അടുപ്പിക്കാന്‍ കഴിയുന്നില്ല. ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനവും അസാധ്യമാകുന്നു. ഭക്ഷണവും വെള്ളവും എത്തിക്കാന്‍ കഴിയുമോ എന്നാണ് നോക്കുന്നത്. പല ബോട്ടുകളും വള്ളങ്ങളും രക്ഷാ പ്രവര്‍ത്തനത്തിന്നിടയില്‍ തകര്‍ന്നിട്ടുണ്ട്. ഇതെല്ലാം സ്ഥിതിഗതികള്‍ ആശങ്കാകുലമാക്കുന്നു.