സംസ്ഥാനത്ത്‌ മഴയുടെ തീവ്രത കുറയുന്നു; ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറി

0
34

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മഴയുടെ തീവ്രത കുറയുന്നു. ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറി. എന്നാൽ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യത.

ചെങ്ങന്നൂരിലും തിരുവല്ലയിലും ആറന്മുളയിലും കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ഒഴുക്കും തുടരുന്നു. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇതും തടസമാകുന്നു.

അതേസമയം പ്രളയം വിഴുങ്ങിയ ചെങ്ങന്നൂരിലേക്ക് കരസേനയുടെ 25 ബോട്ടുകൾ ഉടനെത്തും. ഇതോടെ ഈ മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാകുമെന്നാണ് വിലയിരുത്തല്‍. ജോധ്പൂരിലെ സൈനിക ആസ്ഥാനത്തു നിന്നാണ് ബോട്ടുകൾ എത്തിക്കുക.

തിരുവനന്തപുരത്തെ വ്യോമസേനാ ആസ്ഥാനത്ത് എത്തിക്കുന്ന ബോട്ടുകൾ ട്രക്കുകളിൽ ആവശ്യ സ്ഥലങ്ങളിലെത്തിക്കുമെന്നാണ് വിവരം. ചെങ്ങന്നൂരിലേക്ക് 15 ബോട്ടുകളും തിരുവല്ലയിലേക്ക് 10 ബോട്ടുകളുമാണ് കൊണ്ടുവരുന്നത്. അടിയൊഴുക്ക് കൂടുതലുള്ള ഭാഗങ്ങളിലേക്ക് ഈ ബോട്ടുകൾക്ക് പോകാനാകും എന്നാണ് വിവരം.