ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം ; ചിലര്‍ വരാന്‍ മടിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍

0
63

ചെങ്ങന്നൂര്‍: മഹാപ്രളയം ആഞ്ഞടിച്ച ചെങ്ങന്നൂരില്‍ രാവിലെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പ്രധാനമായും ഏറെ പേര്‍ കുടുങ്ങി കിടക്കുന്ന പാണ്ടനാട്, കല്ലിശേരി തുടങ്ങി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സെെന്യത്തിനും ഒപ്പം മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്.

ജലനിരപ്പ് പല സ്ഥലങ്ങളിലും കുറഞ്ഞതിനാല്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് എത്തിച്ചേരാനാകാത്തതാണ് ഇപ്പോള്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. മണ്‍തിട്ടയിലും മതിലിലും ബോട്ടുകള്‍ ഇടിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്. ഈ സാഹചര്യത്തില്‍ എയര്‍ ലിഫ്റ്റിംഗ് നടത്തുന്നതിനൊപ്പം നേവിയുടെ ചെറു വഞ്ചികള്‍ കൂടെ ചെങ്ങന്നൂരിലെ ഉള്‍പ്രദേശങ്ങളില്‍ രക്ഷപ്രവര്‍ത്തനം നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ഏറെ പ്രയാസം സഹിച്ച് എത്തിയിട്ടും ചിലര്‍ വീട് വിട്ട് വരാന്‍ കൂട്ടാക്കാത്തത് പ്രശ്നമാണെന്ന് മത്സ്യത്തൊഴിലാളികളും പറയുന്നു. വീടിന്‍റെ രണ്ടാം നിലയിലും ടെറസിലുമായാണ് ഇവര്‍ കഴിയുന്നത്. ഭക്ഷണവും കുടിവെള്ളവും നല്‍കിയാല്‍ മതിയെന്നാണ് ഇങ്ങനെയുള്ളവര്‍ പറയുന്നതെന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇന്ന് വെെകിട്ടോടെ ചെങ്ങന്നൂരിലെ എല്ലാവരെയും സുരക്ഷിതരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ ദൗത്യം മുന്നോട്ട് കൊണ്ടു പോകുന്നത്. ഇപ്പോഴും ബോട്ടുകള്‍ എത്തിച്ചേരാത്ത ഉള്‍സ്ഥലങ്ങളില്‍ ആയിരങ്ങള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇവിടേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങളാണ് രക്ഷാപ്രവര്‍ത്തക സംഘം നടത്തുന്നത്.

എങ്കിലും മഴ പൂര്‍ണ തോതില്‍ മാറി നില്‍ക്കാത്തത് ചെങ്ങന്നൂരെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടാതെ, കക്കി ഡാമിന്‍റെ ഷട്ടറുകള്‍ ചെറിയ തോതില്‍ ഉയര്‍ത്തിയത് ആശങ്കകള്‍ സൃഷ്ടിക്കുന്നു. തിരുവവന്‍വണ്ടൂര്‍, കല്ലിശേരി, പാണ്ടനാട്, മുളപ്പുഴ, ഇടനാട് എന്നിങ്ങനെ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് ആളുകള്‍ കൂടുതല്‍ കുടുങ്ങി കിടക്കുന്നത്. പമ്പാ നദിയുടെ തീരത്തുള്ള സ്ഥലങ്ങളായതിനാല്‍ ശക്തമായ അടിയൊക്കും ആഴവും ഇവിടെ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.