നെല്ലിയാമ്പതിയില്‍ റോഡും പാലങ്ങളും പൂര്‍ണമായി തകര്‍ന്നു; ഹെലികോപ്റ്റര്‍ മാര്‍ഗം അവശ്യസാധനങ്ങളെത്തിക്കാന്‍ ശ്രമം

0
24

പാലക്കാട്‌: ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ട നെല്ലിയാമ്പതിയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം അവശ്യസാധനങ്ങളെത്തിക്കാന്‍ ശ്രമം. ഗര്‍ഭിണികളെയും അസുഖ ബാധിതരെയും നെന്മാറയിലെ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കാനും നടപടിയായി. മൂവായിരത്തിലധികം തോട്ടം തൊഴിലാളികളാണ് നെല്ലിയാമ്പതിയിലുള്ളത്.

നെല്ലിയാമ്പതിയിലെ റോഡും പാലങ്ങളും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പ്രദേശത്തെ പതിനാല് ഇടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. 15 കിലോമീറ്റര്‍ റോഡും തകര്‍ന്ന് തരിപ്പണമായി. അതിനാല്‍ അവശ്യസാധനങ്ങളെത്തിക്കാന്‍ കാല്‍നടയായി മാത്രമേ സാധ്യമാകൂ.

കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാനാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഭക്ഷ്യവസ്തുക്കള്‍ മരുന്ന് എന്നിവ എത്തിക്കാനും രോഗികളെ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കാനുമാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുക.