പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; കേരളം ഒറ്റക്കെട്ടായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് വി.എസ്

0
29

തിരുവനന്തപുരം: കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ആനുകൂല്യങ്ങളും സഹായങ്ങളും നേടിയെടുക്കാന്‍ കേരളം ഒറ്റക്കെട്ടായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് വിഎസ് അച്യുതാനന്ദന്‍. നമുക്ക് പരിചയമില്ലാത്ത മഹാദുരന്തത്തെ ഒറ്റ മനസ്സായി കേരള ജനത നേരിടുകയാണെന്ന് വിഎസ്  പ്രസ്താവനയില്‍ പറഞ്ഞു.

ദേശീയ തലത്തില്‍ ദുരന്തവാര്‍ത്ത പ്രതികരണങ്ങളുണ്ടാക്കി. കേരളത്തിന് പുറത്തുനിന്നും സഹായങ്ങളെത്തി. നാല് വര്‍ഷം മുമ്പ് ജമ്മു കാശ്മീരില്‍ സംഭവിച്ച പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതുപോലെ, കേരളത്തിലെ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകതന്നെ വേണം.  ദുരന്ത നിവാരണ നിയമത്തെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന തര്‍ക്കത്തിനല്ല, ഇപ്പോള്‍ പ്രസക്തി.

ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയും നമ്മുടെ ഭാഗത്തുനിന്നുണ്ടാവണം.  വികസനത്തിന്‍റേയും സുസ്ഥിര വികസനത്തിന്‍റേയും അതിര്‍വരമ്പുകള്‍ നേര്‍ത്തുവരുന്നതായി ആക്ഷേപമുണ്ട്.  കുന്നിടിച്ചും വനം കയ്യേറിയും വയല്‍ നികത്തിയും തടയണകള്‍ കെട്ടിയും നടക്കുന്ന അനധികൃതമോ, അശാസ്ത്രീയമോ ആയ നിര്‍മ്മാണങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല.

ആയിരക്കണക്കിന് നിരപരാധികളുടെ ജീവനും ജീവനോപാധിയും വെച്ചുള്ള കളിയാണത്.  ദുരന്തമുണ്ടാവുമ്പോള്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ കാണിക്കുന്ന ശുഷ്കാന്തി ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും നാം കാണിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ ദുരന്തത്തിന്‍റെകൂടി പശ്ചാത്തലത്തില്‍ വികസനത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ കുറെക്കൂടി ശാസ്ത്രീയമായി പുനര്‍ നിര്‍വ്വചിക്കേണ്ടി വന്നേക്കും. അത്തരത്തില്‍ നിയമങ്ങള്‍ കര്‍ശനവും പഴുതടച്ചുള്ളതുമാക്കുകയാണ് ഒരു മാര്‍ഗമെന്ന് വിഎസ് വ്യക്തമാക്കി.