പ്രളയം ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ജാതകം തിരുത്തി; ദേവസ്വം ബോര്‍ഡിനു നഷ്ടം 150 കോടിയിലേറെ : എ.പത്മകുമാര്‍

0
97

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു 150 കോടി രൂപയിലേറെ നഷ്ടം വന്നതായാണ് പ്രാഥമിക വിലയിരുത്തലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍  24 കേരളയോടു പറഞ്ഞു.

പ്രളയം ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് താങ്ങാനാകാത്ത അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. ഒട്ടനവധി ക്ഷേത്രങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഒട്ടേറെ ക്ഷേത്രങ്ങള്‍ അടച്ചിട്ടിരിക്കുന്നു. ഒട്ടനവധി നാശനഷ്ടങ്ങള്‍ ആണ് വന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ നഷ്ടം വന്നിട്ടുള്ളത് പമ്പയിലാണ്. ‍. പമ്പ ഗതിമാറി ഒഴുകിയിരിക്കുകയാണ്.

പമ്പയിലെ രാമമൂര്‍ത്തി മണ്ഡപം, ടോയിലെറ്റ് കോംപ്ലക്സ് മുഴുവന്‍ ഒഴുകിപ്പോയി. അതുകൊണ്ട് തന്നെ നാശനഷ്ടം വിലയിരുത്തി വരുന്നതെയുള്ളൂ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ജില്ലാതലത്തിലുള്ള അഞ്ച് ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെ യോഗം വിളിച്ച് സ്ഥിതിഗതികളും നഷ്ടവും വിലയിരുത്തും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹായിച്ചെങ്കില്‍ മാത്രമേ ദേവസ്വം ബോര്‍ഡുകളുടെ കീഴിലെ ക്ഷേത്രങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിയൂ. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മുഴുവന്‍ അതേ രീതിയില്‍ നടപ്പിലാക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. പത്തനംതിട്ടയെ ഗ്രസിച്ച പ്രളയം ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ജാതകം തന്നെ തിരുത്തിയെഴുതുകയാണ്.

പ്രളയം വരുത്തിയ ബുദ്ധിമുട്ടുകള്‍ കാരണം ശബരിമല മാസ്റ്റര്‍ പ്ലാനില്‍ പലതും മാറ്റി വരയ്ക്കേണ്ട അവസ്ഥ വരുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ യോഗം ഇന്നു ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. കുട്ടനാട്, തിരുവല്ല, ചങ്ങനാശ്ശേരി മേഖലകളില്‍ ബോര്‍ഡിനു വലിയ നാശനഷ്ടങ്ങള്‍ വന്നിട്ടുണ്ട്.

പ്രളയത്തില്‍ ക്ഷേത്ര വസ്തുക്കള്‍ മനപൂര്‍വം എടുത്തുമാറ്റപ്പെട്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തും. കേരളീയര്‍ മാത്രമല്ല കേരളത്തില്‍ ഉള്ളത് എന്നതുകൊണ്ടാണ് ഈ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത്. ക്ഷേത്രങ്ങളില്‍ മാത്രമല്ലാ വീടുകളിലും ഇത്തരം ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ആവശ്യമുണ്ട്. അത് പൊലീസ് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ക്ഷേത്രവസ്തുക്കള്‍ മനപൂര്‍വം എടുത്തുമാറ്റി അത് വെള്ളപ്പൊക്കത്തില്‍ നഷ്ടമായി എന്ന പ്രചാരണങ്ങളെ കരുതിയിരിക്കുക തന്നെ ചെയ്യും.എന്തായാലും ഈ കാര്യങ്ങളില്‍ ഇന്നു ചേരുന്ന തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്‌ യോഗം തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് പത്മകുമാര്‍ പറഞ്ഞു.