തിരുവനന്തപുരം: കോട്ടയം ജില്ലയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല ഒഴിവാക്കി ജര്‍മനി യാത്ര നടത്തിയ മന്ത്രി കെ.രാജുവിനോട് സിപിഐ വിശദീകരണം ചോദിക്കും. കേന്ദ്ര നേതൃത്വവും സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു.
ഒരു മാസം മുമ്പാണു വിദേശയാത്രയ്ക്കുള്ള അനുമതി രാജു തേടിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നിര്‍വാഹകസമിതി അനുവാദം നല്കി. സംസ്ഥാന കൗണ്‍സില്‍ അംഗമാണു രാജു. എന്നാല്‍ അതിനുശേഷം സ്ഥിതിഗതികള്‍ മാറിയതു മന്ത്രി കണക്കിലെടുത്തില്ല. പുനലൂരിലെ സ്വന്തം മണ്ഡലത്തില്‍ ചില ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച മന്ത്രി കുറച്ചുദിവസം താന്‍ ഇവിടെയുണ്ടാകില്ലെന്ന് അവരെയും അറിയിച്ചിട്ടാണു നാടുവിട്ടത്.
കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതല രാജുവിനായിരുന്നു. യാത്ര തിരിക്കുന്നതിനു മുമ്പായി സിപിഐ നേതൃത്വത്തെയോ പാര്‍ട്ടി സെന്ററിനെയോ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും പുനരാലോചന വേണമോയെന്നും മന്ത്രി ചോദിച്ചില്ല. ചികിത്സയിലായിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിവരമറിഞ്ഞ് എത്രയും വേഗം തിരിച്ചെത്താന്‍ രാജുവിനോട് ആവശ്യപ്പെടുകയായിരുന്നു.