മഹാപ്രളയത്തില്‍ മിണ്ടാപ്രണികളെ കൈവിടാതെ രക്ഷാപ്രവര്‍ത്തകര്‍

0
26

കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ രക്ഷകരായി എത്തിയത് നിരവധിപേരാണ്. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത് മനസ്സ് നിറയിക്കുന്ന കാഴ്‌ചയുമായിരുന്നു. മനുഷ്യ ജീവന് മാത്രമല്ല അവിടെ വിലകല്‍പ്പിച്ചിരുന്നത്, മൃഗങ്ങളുടെ ജീവന്‍ രക്ഷിക്കാനും അവിടെ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ആദ്യ ദിനങ്ങളില്‍ സംഭവത്തിന്റെ തീവ്രത മനസ്സിലാകാത്തതുകൊണ്ടുതന്നെ നിരവധിപേര്‍ മൃഗങ്ങളുടെ കാര്യത്തില്‍ അധികം ശ്രദ്ധ കൊടുത്തിരുന്നില്ല. വളര്‍ത്തുമൃഗങ്ങളുടെ കെട്ടഴിച്ചുവിടാത്തതും മറ്റും പ്രശ്‌നങ്ങളായിരുന്നു.

മഴ ശക്തമായതോടുകൂടി വെള്ളം പൊങ്ങുകയും ചെയ്‌തു. പിന്നീടങ്ങോട്ട് സംഭവിച്ച കാര്യങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു. വെള്ളം പൊങ്ങിയതും ദുരിതാശ്വസ ക്യാംപ് തുറന്നതുമെല്ലാം നിമിഷനേരം കൊണ്ടായിരുന്നു. കേന്ദ്രത്തില്‍ നിന്ന് വരെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയത് പല ജീവനുകള്‍ക്കും കൈത്താങ്ങാകുകയായിരുന്നു.

ചെങ്ങന്നൂരില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനവും പല മൃഗങ്ങളുടേയും ജീവന്‍ രക്ഷിച്ചു. വെള്ളം കയറി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ മൂന്നാം ദിവസം ഇവര്‍ ചെങ്ങന്നൂരില്‍ നിന്ന് രക്ഷിച്ചത് നിരവധി മൃഗങ്ങളുടെ ജീവനായിരുന്നു. വീട്ടുടമസ്ഥര്‍ വീട് വിട്ട്‌മാറിയപ്പോള്‍ ഒപ്പം കൂട്ടാതെ ഭക്ഷണവും വെള്ളവും കിട്ടാതെ പല മൃഗങ്ങളും ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു. പല വീടുകളുടെയും ഉള്ളിലും തൊഴുത്തുകളിലും മറ്റുമായി കിടന്നിരുന്ന നിരവധി മൃഗങ്ങളുടെ ജീവനുകളാണ് ഇവര്‍ സംരക്ഷിച്ചത്.

പരുക്ക് പറ്റിയ മൃഗങ്ങള്‍ക്ക് ആവശ്യമായ ശുശ്രൂഷ നല്‍കുകയും പിന്നീട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍, ഇതില്‍ മാത്രം ഒതുങ്ങിയില്ല ഇവരുടെ സേവനം, ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുകൊടുക്കാനും ഇവര്‍ മുന്നില്‍തന്നെ ഉണ്ടായിരുന്നു.

കേരളം ഇതുവരെ കണ്ടതില്‍‌വെച്ച്‌ ഏറ്റവും വലിയ ദുരന്തമായിരുന്നു 2018ലെ ഈ വെള്ളപ്പൊക്കം. കേരളത്തിന്റെ മാത്രം പ്രശ്‌നമായി അതിനെ കാണാതെ കേരള ജനതയെ സുരക്ഷിതരാക്കുന്നതിനായി പല സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി നിന്നു. പ്രളയം ഏറ്റവും കൂടുതലായി ബാധിച്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിലും രക്ഷാപ്രവര്‍ത്തകര്‍ നിരവധിപേരുടെ രക്ഷകരായി.