
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരുമാസത്തിനകം ചുഴലിക്കാറ്റ് മുന്നറിയിപ്പുകേന്ദ്രം സ്ഥാപിക്കാൻ തീരുമാനമായി. അടിക്കടി ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റും ഉണ്ടാകുന്ന സാഹചര്യത്തിലാണ് കേന്ദ്രനടപടി. രാജ്യത്തെ ഏഴാമത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പുകേന്ദ്രമായിരിക്കും ഇത്.
അതേസമയം പ്രളയത്തില്‍ ദുരിതം വിതച്ച സംസ്ഥാനത്തെ കരകയറ്റാന്‍ പുതിയ കേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതിനായി പ്രത്യേക പദ്ധതികള്‍ തയാറാക്കും. കൃഷി, ജലസേചനം തുടങ്ങിയ മേഖലയില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പദ്ധതികള്‍ തയാറക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തോടും നബാഡിനോടും സഹായം അഭ്യര്‍ഥിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വായ്പ പരിധി മൂന്നര ശതമാനത്തില്‍നിന്നും നാലര ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതിലൂടെ 10,500 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനായി പ്രത്യേക പാക്കേജുകള്‍ വേണം. 2,600 കോടിയുടെ പ്രത്യേക പാക്കേജ് അടിയന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെടും. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കും പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.