വൈഗ അണക്കെട്ട് 13 കാലവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നു

0
33

ഇടുക്കി: മുല്ലപ്പരിയാര്‍ വെള്ളം സംഭരിക്കുന്ന തമിഴ് നാട്ടിലെ വൈഗ അണക്കെട്ടില്‍ നിന്നും കാര്‍ഷികാവശ്യങ്ങള്‍ക്കായി വെള്ളം തുറന്നുവിട്ടു. 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാലവര്‍ഷക്കാലത്ത് വൈഗയില്‍ നിന്നും കൃഷിക്കായി വെള്ളം തുറന്നു വിടുന്നത്.

71 അടിയാണ് വൈഗ അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി. മുല്ലപ്പരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തിയതോടെ ജൂണ്‍ അവസാനം മുതല്‍ തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയിരുന്നു. വൈഗയിലെ ജലനിരപ്പ് 69 അടിയില്‍ എത്തിയതിനെ തുടന്നാണ് 7 ഷട്ടറുകള്‍ ഉയര്‍ത്തി മധുര ഭാഗത്തേക്ക് വെള്ളം തുറന്നു വിട്ടത്.

സെക്കന്‍റില്‍ 1130 ഘനയടി വെള്ളം വീതം 120 ദിവസത്തേക്കാണ് ഇപ്പോള്‍ തുറന്നു വിട്ടിരിക്കുന്നത്. സെക്കന്‍ഡില്‍ 3325 ഘന അടിവെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തുലാവര്‍ഷത്തിനു മുന്നോടിയായി സെപ്റ്റംബര്‍ മാസത്തിലാണ് സാധാരണ വൈഗ അണക്കെട്ട് തുറക്കാറുള്ളത്. കാലവര്‍ഷക്കാലത്ത് 84 ലും 91 ലും 2005 ലും മാത്രമാണ് ഇതിനു മുമ്ബ് വൈഗ തുറന്നിട്ടുള്ളതെന്ന് തമിഴ് നാട് ഉപമുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം തന്നെ വ്യക്തമാക്കി.

വെള്ളം തുറന്നു വിട്ടത് മധുര, ദിണ്ടിക്കല്‍, രാമനാഥപുരം, ശിവഗംഗ ജില്ലകള്‍ക്കാണ് ഏറെ ഗുണം ചെയ്യുന്നത്. ഇവിടങ്ങളിലെ 1,05,002 ഏക്കര്‍ സ്ഥലത്ത് ഇത്തവണ ഒന്നാം ഘട്ട നെല്‍ കൃഷി നേരത്തെ തുടങ്ങാന്‍ കഴിയും. തുലാവര്‍ഷക്കാലത്ത് മുല്ലപ്പെരിയാറില്‍ നിന്നും ലഭിക്കുന്ന അധിക ജലം ഉപയോഗിച്ച്‌ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തമിഴകം.