എം.മനോജ് കുമാര്‍
തിരുവനന്തപുരം: എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന ആർ.എസ്.പി. ലെനിനിസ്റ്റ് സംസ്ഥാന സെക്രട്ടറി ജോർജ് സെബാസ്റ്റ്യന്റെ പൊതുതാല്പര്യ ഹര്‍ജിയ്ക്ക് പിന്തുണയുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയി.
ഇത്തരം ഹര്‍ജികളാണ് പൊതുതാത്പര്യ ഹര്‍ജികളായി വരേണ്ടതെന്നു നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് റിസര്‍വ് ബാങ്ക് അടക്കമുള്ള കൂടുതല്‍ കക്ഷികളെ ഉള്‍പ്പെടുത്തി ഹര്‍ജി വീണ്ടും നല്കാന് നിര്‍ദ്ദേശം നല്കി.
കാര്‍ഷിക വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം വന്നപ്പോള്‍ എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ജോര്‍ജ് സെബാസ്റ്റ്യന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇന്നലെ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടപ്പോള്‍ തന്നെ ചീഫ് ജസ്റ്റിസ് ഹര്‍ജി പരിഗണിച്ചു. ഇത്തരം ഹര്‍ജികളാണ് പൊതുതാത്പര്യ ഹര്‍ജിയായി വരേണ്ടത്. ഹര്‍ജി ഈ ഘട്ടത്തില്‍ ആവശ്യമായ കാര്യമാണ്. ഹര്‍ജിയ്ക്ക് ഗൌരവസൌഭാവമുണ്ട്.
ഈ ഹര്‍ജി വിപുലപ്പെടുത്തണം. റിസര്‍വ് ബാങ്ക് അടക്കം ഹര്‍ജിയില്‍ എതിര് കക്ഷികളായി വരേണ്ടതുണ്ട്. അതിനാല്‍ ഹര്‍ജി വീണ്ടും പുനര്ഹര്ജിയായി നല്‍കണം-ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.
കൂടുതല്‍ എതിര് കക്ഷികളെ ചേര്‍ത്ത് നാളെ വീണ്ടും പുനര്‍ ഹര്‍ജി നല്‍കുമെന്ന് ജോര്‍ജ് സെബാസ്റ്റ്യന്‍ 24 കേരളയോടു പ്രതികരിച്ചു. കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തിന്റെ പാശ്ചാത്തലത്തില്‍ എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച തന്നെ ഈ കാര്യത്തിലുള്ള നിവേദനം കേരള ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി, സംസ്ഥാന ധനകാര്യ മന്ത്രി എന്നിവര്‍ക്ക് നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്-ജോര്‍ജ് സെബാസ്റ്റ്യന്‍ പറയുന്നു.
ഉത്തരാഖണ്ഡിലും, ഒഡീഷയിലും, സമാനമായ ദുരന്തമുണ്ടായപ്പോൾ ഇത്തരം നടപടി സ്വീകരിച്ചിട്ടുള്ള കാര്യവും ഹര്‍ജിയിലും നിവേദനത്തിലും ജോര്‍ജ് സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശം ഉണ്ടായ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകൾക്കും ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കാൻ സംസ്ഥാന ബാങ്കേഴ്സ് സമിതി തീരുമാനം വന്നിട്ടുണ്ട്. മൊറട്ടോറിയം ജൂലൈ 31 മുതൽ പ്രാബല്യത്തിലാകും.
വിദ്യാഭ്യാസ വായ്പയ്ക്ക് ആറ് മാസത്തെ മൊറട്ടോറിയം ഏർപ്പെടുത്താനും തീരുമാനമായി. മൂന്ന് മാസത്തേക്ക് ഒരു റിക്കവറി നടപടിയും വേണ്ടെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയതായി ബാങ്കേഴ്സ് സമിതി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ജോര്‍ജ് സെബാസ്റ്റ്യന്റെ ഹര്‍ജിയും ഗൌരവമായി പരിഗണിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ തീരുമാനിച്ചതിനാല്‍ ഈ ഹര്‍ജിയിലെ തീരുമാനവും നിര്‍ണായകമാകും.