ആകാശ നൗകയുടെ മാലാഖ – ടാമി ജോ ഷൾസ്

0
67

രേഷ്മ സെബാസ്റ്റ്യൻ

ന്യൂയോർക്കിന്റെ ആകാശത്തിൽ പൊലിഞ്ഞു വീഴുമായിരുന്ന 148 യാത്രക്കാരുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശിയ മാലാഖയാണ് ടാമി ജോ ഷൾസ്. 2018 ഏപ്രിൽ 17- ആം തീയതി ന്യൂയോർക്ക് വിമാനത്താവളത്തിൽ നിന്നും ഡല്ലാസിലേയ്ക്ക് പറന്നുയർന്ന ബോയിങ് 737-ന്റെ എഞ്ചിൻ പൊട്ടിത്തെറിച്ചപ്പോൾ ടാമി കാണിച്ച മനോധൈര്യമാണ് 148 പേരുടെയും ജീവൻ രക്ഷിക്കാനായത്.

1962- ൽ അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ ജനിച്ച ടാമി ചെറുപ്പം മുതലേ ആകാശം സ്വപ്നം കണ്ടിരുന്നു. വീടിനടുത്തുള്ള സൈനിക വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്ന യുദ്ധവിമാനങ്ങൾ കൗതുകത്തോടെ നോക്കി നിൽക്കുമ്പോൾ അവയ്ക്കൊപ്പം തന്നെ ടാമിയുടെ സ്വപ്നങ്ങളും പറന്നുയർന്നുകൊണ്ടേയിരുന്നു .ബിരുദ പഠന കാലത്ത് അമേരിക്കൻ വ്യോമസേനയിലെ ഒരു വനിതാ പൈലറ്റിനെ കണ്ടു മുട്ടിയത് ടാമിയുടെ ജീവിതത്തിലെ വഴിത്തിരിവായി . പൈലറ്റാവുക എന്ന തന്റെ മോഹത്തിന്റെ പ്രതീകമായാണ് ടാമി അവരെ കണ്ടത്.

1985-ൽ അമേരിക്കൻ നേവിയിലെ ഫൈറ്റർ പൈലറ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച ടാമി 2001 വരെ സൈന്യത്തിൽ സേവനം അനുഷ്ഠിച്ചു. പതിനാറ് വർഷത്തെ രാജ്യസേവനത്തിന് ശേഷം യാത്രാ വിമാന കമ്പനിയായ സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ പൈലറ്റായി ചുമതല ഏറ്റു .

2018 ഏപ്രിൽ 17 നായിരുന്നു ഈ സംഭവം. 2009-ൽ ഹഡ്സൺ നദിയിൽ അതി സാഹസികമായി വിമാനം ഇറക്കിയ ക്യാപ്റ്റൻ സള്ളി എന്ന ഹീറോയുടെ പിൻഗാമിയായി ടാമി അവതരിക്കപ്പെട്ട ദിനം . സൈനിക പരിശീലന ദിനങ്ങളിലെ അനുഭവ സമ്പത്തുകൾ സള്ളിയെ പോലെ തന്നെ ടാമിയെയും പിന്തുണച്ചു. 149 യാത്രക്കാരുമായി പുറപ്പെട്ട ബോയിങ് 737 ഇരുപത് മിനിറ്റുകൾക്കുള്ളിൽ എഞ്ചിൻ പൊട്ടിത്തെറിച്ചപ്പോൾ ക്യാപ്റ്റൻ ടാമിയുടെ സമയോചിതമായ ഇടപെടൽ മൂലം വിമാനം ഫിലാഡൽഫിയ എയർപോർട്ടിൽ സുരക്ഷിതമായി ഇറക്കുകയും ഒരാളൊഴികെ എല്ലാവരെയും രക്ഷിക്കുകയും ചെയ്തു.

സമയോചിതമായ തീരുമാനങ്ങൾ എടുക്കാൻ പുരുഷന് മാത്രമേ കഴിയൂ എന്ന് സമൂഹം കൽപ്പിച്ചു നൽകിയ പുരുഷാധിപത്യ വ്യവസ്ഥയ്ക്കുള്ള മറുപടിയാണ് ടാമി. സെക്കന്റുകൾക്കുള്ളിൽ ടാമി കൈക്കൊണ്ട ധൈര്യപൂർണ്ണമായ നിലപാടാണ് അനേകം പേരുടെ ജീവൻ രക്ഷിച്ചത്. ടാമിയുടെ ഈ അസാമാന്യ ധൈര്യത്തെ നേരിട്ടഭിനന്ദിക്കുന്നതിനാ യി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. കുറച്ച് യാത്രക്കാരും കാബിൻ ക്രൂവും ടാമിയോടൊപ്പം ഉണ്ടായിരുന്നു.

പെണ്ണിനായി അളന്നു തിരിച്ച വേലിക്കെട്ടുകൾക്കിടയിൽ നിന്നും, ആണിന്റെ ആകാശം സ്വപ്നം കണ്ടിറങ്ങിയ അനേകം ടാമിമാർ ഉണ്ട് . അംഗീകരിക്കപ്പെട്ടതിനേക്കാൾ കൂടുതൽ അവഗണിക്കപ്പെട്ടവർ .അവർക്കൊക്കെയും ടാമി എന്ന എയർലൈൻ ക്യാപ്റ്റൻ നൽകുന്ന പ്രചോദനം ചെറുതല്ല . പെണ്ണിന് ഒരു നിമിഷം മതി ; കരുത്താവാനും കരുതലാവാനും ..