അഭിമന്യു വധം: ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു

0
31

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ആദ്യ കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസിൽ 26 പ്രതികളും 125 സാക്ഷികളുമുണ്ട്. കഴിഞ്ഞ ജൂലൈ രണ്ടിനു പുലർച്ചെയാണു കോളജ് ക്യാംപസിൽ അഭിമന്യു കുത്തേറ്റു മരിച്ചത്. പിടിയിലാകാനുള്ള സഹലും ഷഹീമും അടക്കം മൂന്നു പേരാണ് അഭിമന്യുവിനെയും കൂട്ടുകാരൻ അർജുൻ കൃഷ്ണയെയും കുത്തിയതെന്നു കുറ്റപത്രത്തിൽ പറയുന്നു. ഇതുവരെ 19 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒൻപതു പേർ നേരിട്ടും ബാക്കിയുള്ളവർ അല്ലാതെയും കുറ്റകൃത്യത്തിൽ പങ്കുള്ളവരാണെന്നു കുറ്റപത്രം പറയുന്നു. അഭിമന്യുവിനെ കുത്തിവീഴ്ത്തിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാൻ സാധിച്ചിട്ടില്ല.

ഇതുവരെ പിടിയിലായ പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ കൊലപാതകം, വധശ്രമം, ഗൂഢാലോചന, മാരകായുധങ്ങളുമായി സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ എന്നിവയടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.