ഹര്‍ത്താല്‍ മറവില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ക്ക് നേരെ വ്യാപക ആക്രമണം; 4 പേര്‍ പോലീസ് പിടിയില്‍

0
42

കോഴിക്കോട്:ഹര്‍ത്താല്‍ മറവില്‍ കോഴിക്കോട് മിഠായ്ത്തെരുവില്‍ കടകള്‍ക്ക് നേരെ വ്യാപക ആക്രമണം. 4 പേര്‍ പോലീസ് പിടിയില്‍. ഇവര്‍ ഉപയോഗിച്ച ആയുധങ്ങള്‍ പിടികൂടി. കോര്‍ട്ട് റോഡിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്ര കോമ്ബൗണ്ടിലെ വി എച്ച്‌ പി ഓഫീസില്‍ നിന്നാണ് കൊടുവാള്‍ അക്കമുള്ളവ പോലിസ് കണ്ടെത്തിയത്.

മിഠായ്ത്തെരുവില്‍ കടകള്‍ തുറന്ന് വ്യാപാരികള്‍ പ്രതിഷേധിച്ചു. പിന്തുണയുമായി ഡി വൈ എഫ് ഐ രംഗത്തെത്തി. വലിയ അക്രമമാണ് മിഠായ്ത്തെരുവില്‍ സംഘപരിവാര്‍ നടത്തിയത്.

കടകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ച വ്യാപാരികള്‍ കടകള്‍ തുറന്നതോടെ സംഘപരിവാര്‍ പ്രതിഷേധവുമായെത്തി.
പ്രകടനമായെത്തിയാണ് വ്യാപാരികള്‍ മിഠായ്ത്തെരുവില്‍ കടകള്‍ തുറന്നത്. 10 കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. അക്രമത്തെ തുടര്‍ന്ന് ചില കടകള്‍ പൂട്ടിയെങ്കിലും 2 കടകള്‍ തുറന്ന് കിടന്നു.

പോലീസ് വ്യാപാരികള്‍ക്ക് സുരക്ഷയൊരുക്കി. ഡി വൈ എഫ് ഐയും സംരക്ഷണ വലയം തീര്‍ത്തു. അക്രമികളെ തുരത്താന്‍ ലാത്തിവീശിയ പോലീസ് ഗ്രനേഡും പ്രയോഗിച്ചു.

വ്യാപകമായി കടകള്‍ അടിച്ചു തകര്‍ത്ത ക്രിമിനല്‍ സംഘം കോര്‍ട്ട് റോഡിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്രത്തിലാണ് അഭയം തേടിയത്. വി എച്ച്‌ പി ജില്ലാ കമ്മിറ്റി ഓഫീസും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രകടനം നടത്തി. പോലീസ് ക്ഷേത്ര കോമ്ബൗണ്ടില്‍ നിന്ന് 4 പേരെ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. കൊടുവാള്‍, ദണ്ഡ, കുപ്പികള്‍ എന്നിവ പോലീസ് കണ്ടെത്തി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കാളീരാജ് മഹേഷ് കുമാര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ സാംബശിവ റാവുവും മിഠായ്ത്തെരുവ് സന്ദര്‍ശിച്ചു