അനധികൃത താമസക്കാരെ പിടികൂടാന്‍ സമഗ്ര പദ്ധതിയുമായി കുവെെത്ത്

0
24

കുവൈത്തിൽ അനധികൃത താമസക്കാരെയും ഇഖാമ നിയമലംഘകരെയും പിടികൂടാൻ സമഗ്ര പദ്ധതി തയാറാക്കിയാതായി ആഭ്യന്തര മന്ത്രാലയം. വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ രാജ്യവ്യാപകമായ പരിശോധനാ കാമ്പയിൻ നടത്താനാണ് പദ്ധതി. ഇഖാമ നിയമലംഘകർക്ക് പൊതുമാപ്പ് ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.

അനധികൃത താമസക്കാരെ പിടികൂടാൻ വരും ദിവസങ്ങളിൽ രാജ്യമെങ്ങും ശക്തമായ പോലീസ് പരിശോധന ഉണ്ടാകുമെന്ന സൂചനയാണ് അധികൃതർ നൽകിയത്. നിയമലംഘകർക്ക് ഇനി ഇളവ് നൽകേണ്ടതില്ലെന്നും അരിച്ചു പെറുക്കിയുള്ള പരിശോധനയിലൂടെ അനധികൃത താമസക്കാരെ പിടികൂടി നാടുകടത്തുകയാണ് വേണ്ടതെന്നുമാണ് ഉന്നത തലനിരീക്ഷണം.

താമസ നിയമലംഘകരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞതിനെ തുടർന്നു ഏഴുവർഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വർഷം ജനുവരിയിൽ കുവൈത്ത് പൊതുമാപ്പ് നടപ്പാക്കിയിരുന്നു. അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് രേഖകൾ ശരിയാക്കാനും 85 ദിവസത്തെ ഇളവ് നൽകിയിട്ടും 57000 പേര് മാത്രമാണ് ഇളവ് പ്രയോജനപ്പെടുത്തിയത്.

ഒരുലക്ഷത്തിനടുത്ത് വിദേശികൾ അനധികൃതതാമസക്കാരായി രാജ്യത്തു തുടരുന്നുണ്ടെന്നാണ് കണക്കുകൾ. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപകമായ തെരച്ചിൽ കാമ്പയിൻ നടത്താൻ വീണ്ടും അധികൃതർ മാസ്റ്റർ പ്ലാൻ തയാറാക്കിയത്.