സ്വദേശിവത്കരണം ശക്തമാക്കി യു.എ.ഇ,​ ആശങ്കയോടെ പ്രവാസികള്‍

0
50

ദുബായ്: പ്രവാസികള്‍ക്ക് വീണ്ടും ആശങ്കയുണര്‍ത്തി സ്വദേശി വത്കരണവുമായി യു.എ.ഇ. സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം സ്വകാര്യമേഖലയില്‍ 30,​000 സ്വദേശികള്‍ക്ക് ജോലി നല്‍കാനാണ് യു.എ.ഇയുടെ പദ്ധതി.

ഈ വര്‍ഷം മുപ്പതിനായിരം സ്വദേശി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. നേരിട്ടുള്ള നിയമനത്തിലൂടെ സ്വദേശിവത്കരണ പദ്ധതികള്‍ ശക്തിപ്പെടുത്തുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലി വ്യക്തമാക്കി.

സ്വദേശിവത്കരണം നടപ്പാക്കുന്നതിന് നാലു പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം ഈ വര്‍ഷം മുപ്പതിനായിരം പേര്‍ക്കാണ് സ്വകാര്യ മേഖലയില്‍ ജോലി നല്‍കുന്നത്. 2017-ല്‍ 6,862 തൊഴിലവസരങ്ങളായിരുന്നു സൃഷ്ടിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 20,225 എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു.

വ്യോമയാനം, ഗതാഗതം, റിയല്‍ എസ്റ്റേ‌റ്റ്, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലായിരിക്കും സ്വദേശികള്‍ക്ക് ജോലി നല്‍കുന്നത്. 2031 ആകുന്നതോടെ യു.എ.ഇ.യിലെ തൊഴില്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും നാസര്‍ ബിന്‍ താനി അല്‍ ഹംലി പറഞ്ഞു.