യുഎഇയില്‍ ഫാമിലി വിസ ഇനി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍

0
69

മനാമ > യുഎഇയില്‍ പ്രവാസികള്‍ക്ക് കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥകളില്‍ മന്ത്രിസഭ ഭേദഗതി വരുത്തി. പുതിയ തീരുമാന പ്രകാരം പ്രവാസിയുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാകും കുടുംബ വിസ അനുവദിക്കുക. നിലവില്‍ ജോലിയുടെ അടിസ്ഥാനത്തിലാണ് കുടുംബ വിസ അനുവദിച്ചുവരുന്നത്. ഇതുവഴി പ്രവാസി തൊഴിലാളികള്‍ക്ക് കുടുംബ വിസ ലഭ്യമായിരുന്നു. കുടുംബ വിസക്കുള്ള വരുമാന പരിധി വ്യക്തമാക്കിയിട്ടില്ല. ഉയര്‍ന്ന വരുമാന പരിധിയാണെങ്കില്‍ മധ്യവര്‍ഗ പ്രവാസികള്‍ക്ക് കുടുംബവുമായി കഴിയാനുള്ള മോഹത്തിന് തിരിച്ചടിയാകും. 

വിദേശ തൊഴിലാളികളുടെ കുടുംബ സ്ഥിരതയും സാമൂഹ്യമായ യോജിപ്പും പ്രവാസിയുടെ ജോലിയും കുടുംബ ജീവിതവും തമ്മില്‍ ആരോഗ്യകരമായ തുല്യതയും ലക്ഷ്യമിട്ടാണ് ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയതെന്ന് ക്യാബിനറ്റ് ജനറല്‍ സെക്രട്ടറിയേറ്റ് അറിയിച്ചു. രാജ്യത്തേക്ക് ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആകര്‍ഷിക്കാനും പുതിയ ഭേദഗതി സഹായിക്കും.വിദേശ തൊഴിലാളികളെ പുതുതായി റിക്രൂട്ട് ചെയ്യുന്നതിനു ബദലായി തൊഴില്‍ വിപണിയില്‍ സജീവമായി ഇടപെടാന്‍ സ്വദേശികള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രിസഭ നിര്‍ദേശം നല്‍കി. 

അതേസമയം, ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന യുഎഇ വിസ തട്ടിപ്പു പരസ്യങ്ങളില്‍ കുടുങ്ങരുതെന്നും അവയൊന്നും സര്‍ക്കാര്‍ സൈറ്റുകളല്ലെന്നും താമസ വിദേശ കാര്യ വിഭാഗം അറിയിച്ചു. നിരവധി ഏഷ്യക്കാര്‍ ഇത്തരം തട്ടിപ്പുകള്‍ക്ക്‌ ഇരയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അറിയിപ്പ്‌