
തമിഴ് സാഹിത്യത്തിൽ ആധുനികതയുടെ പക്ഷത്ത് നിന്നുകൊണ്ട് മുസ്ലിം ജീവിതത്തെ കണ്ട എഴുത്തുകാരനാണ് ഇന്ന് രാവിലെ അന്തരിച്ച തോപ്പിൽ മുഹമ്മദ് മീരാനെന്ന് ‘കാലച്ചുവട്’ എന്ന തമിഴ് സാഹിത്യ പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ സുകുമാരൻ ഓർക്കുന്നു.
വൈക്കം മുഹമ്മദ് ബഷീറും ഓ.വി.വിജയനും ചേരുന്നിടത്താണ് തോപ്പിൽ മുഹമ്മദ് മീരാൻ എന്ന എഴുത്തുകാരൻ നിൽക്കുന്നത്. ദ്രാവിഡ പാരമ്പര്യത്തിൽ ഊന്നിനിന്ന് എഴുതിയിരുന്ന അണ്ണാദുരൈയോ കലൈജ്ഞരോ ഒക്കെ മണ്ണിന്റെ മക്കളുടെ കഥ പറഞ്ഞപ്പോൾ അതിന്റെ തുടർച്ചയെന്നോണം കടലോരത്തെ മുസ്ലിം ജീവിതത്തെ തന്റെ രചനകളിലൂടെ വരച്ചുകാട്ടുകയായിരുന്നു മുഹമ്മദ് മീരാൻ.
വിസ്മയകരമെന്ന് പറയട്ടെ അദ്ദേഹത്തിന്റെ ‘ഒരു കടലോരഗ്രാമത്തിൻ കതൈ’ എന്ന നോവൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെടുന്നത് ‘മുസ്ലിം മുരശ്’ എന്ന ഇസ്ലാമിക പ്രസിദ്ധീകരണത്തിലാണ്. യാഥാസ്ഥികതയെ ചോദ്യം ചെയ്യുന്ന ഈ നോവൽ എങ്ങിനെ അത്തരമൊരു പ്രസിദ്ധീകരണത്തിൽ സ്വീകരിക്കപ്പെട്ടു എന്ന് പിന്നീടൊരിക്കൽ ഞാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: “അവർ കഥ ചോദിച്ചു, ഞാൻ കൊടുത്തു. അത്ര തന്നെ!”
പരന്ന വായനയും പരന്ന നോട്ടവും തന്റെ രചനാരീതിയുടെ ശക്തിശ്രോതസ്സാക്കിയ ഈ എഴുത്തുകാരൻ വളരെ ഒതുക്കമുള്ള എഴുത്തിലൂടെ വായനക്കാർക്ക് മുന്നിൽ ഒരു പുതിയ അനുഭവലോകം തുറന്നുവച്ചു. എല്ലാ അർത്ഥത്തിലും ആധുനികതയുടെ പംക്തിയിൽ നിന്നുകൊണ്ട് ഇസ്ലാമിക ജീവിതത്തെ ഏറെ മിഴിവോടെ മുന്നോട്ട് വയ്ക്കുകയായിരുന്നു അദ്ദേഹം.
ആ കാഴ്ചപ്പാടിൽ നോക്കുമ്പോൾ തമിഴ് സാഹിത്യത്തിലെ ഇസ്ലാമിക ധാരയിലെ ആദ്യപഥികൻ എന്ന് മുഹമ്മദ് മീരാനെ വിളിക്കാം. സൽമയും മറ്റും അദ്ദേഹത്തെ പിന്തുടർന്നു വന്നവരാണ്. ഭൂരിപക്ഷവും യാഥാതത്ഥ്യത്തിന്റെ എഴുത്തുവഴിയിലാണ് അദ്ദേഹം നിന്നത്, പക്ഷെ തകഴിയേയും മറ്റും അനുസ്മരിപ്പിക്കുന്ന മിത്തുകളുടെ ഒരു ലോകം അദ്ദേഹത്തിന്റെ രചനകളിൽ മിന്നിമറയുന്നതും കാണാം.
ഒരു മികച്ച വായനക്കാരന് മികച്ച എഴുത്തുകാരനായതിന്റെ പരിണാമകഥയാണ് തോപ്പില്‍ മുഹമ്മദ് മീരാന്റേത്. മലയാളത്തില്‍ മികച്ച വായനക്കാരനായിരുന്നു അദ്ദേഹം. വൈക്കം മുഹമ്മദ് ബഷീര്‍, കേശവദേവ് തകഴി എന്നിവരുടെ സ്വാധീനത്താലാണ് മീരാന്‍ എഴുത്തിലേക്ക് കടക്കുന്നത്. മലയാളത്തിലെഴുതിയത് തമിഴിൽ പരിഭാഷപ്പെടുത്തുന്നതായിരുന്നു രചനാരീതി.
ജന്മസ്ഥലമായ തേങ്ങാപ്പട്ടണത്തെ കുറിച്ചായിരുന്നു തന്റെ ആദ്യ നോവലായ ‘ഒരു കടലോരഗ്രാമത്തിന്റെ കഥ’. വൈക്കം മുഹമ്മദ് ബഷീറിന്റേയും ഒ.വി വിജയന്റേയും സ്വാധീനം നോവലില്‍ പ്രകടമായിരുന്നു. ഭൂരിപക്ഷം മുസ്ലീങ്ങള്‍ വസിച്ചിരുന്ന ഗ്രാമത്തില്‍, അവരുടെ അനാചാരങ്ങളെക്കുറിച്ചും പിന്നാക്കാവസ്ഥയെക്കുറിച്ചും നോവലില്‍ പ്രതിപാദിക്കുന്നു. തമിഴില്‍ അന്നോളം രചിച്ചിട്ടില്ലാത്ത തരത്തിലുള്ള നോവലായിരുന്നു ‘ഒരു കടലോരഗ്രാമത്തിൻ കതൈ’ .
മുസ്ലീം എഴുത്തുകാരുടെ സംഭാവന ആധുനിക തമിഴ് സാഹിത്യത്തില്‍ ഉണ്ടായിരുന്നില്ല. അതിന് തുടക്കം കുറിച്ചത് മുഹമ്മദ് മീരാനായിരുന്നു. മുസ്ലീം സമുദായത്തിന് ആധുനിക ജീവിതത്തിലേക്ക് വരാനുള്ള തടസങ്ങളും അത് മറികടക്കുന്നതിനുള്ള മാര്‍ഗങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ കൃതികളില്‍ മുഖ്യമായും പ്രതിപാദിച്ചിരുന്നത്. മുസ്ലീം സ്ത്രീകളെക്കുറിച്ചും അദ്ദേഹം തന്റെ കൃതികളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ജീവചരിത്രക്കുറിപ്പ്
1944 സെപ്തംബർ 26ന് കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്തായിരുന്നു ജനനം. നാഗർകോവിൽ എസ്.ടി. ഹിന്ദു കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബി.എ. പൂർത്തിയാക്കി. ആറ് നോവലുകകളും അഞ്ച് ചെറുകഥാ സമാഹാരങ്ങളും തര്‍ജ്ജമകളും രചിച്ചിട്ടുണ്ട്. ‘ചായ്വു നാർക്കാലി’ എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തുറൈമുഖം, കൂനന്‍തോപ്പ്, അന്പുക്ക് മുതുമൈ ഇല്ലൈ എന്നിവയാണ് പ്രധാന കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതിയംഗം, നാഷണൽ ബുക്ക് ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
–
സുകുമാരനുമായുള്ള സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ അനൂപ് കൈലാസനാഥ ഗിരി തയ്യാറാക്കിയത്.