
ദുബായ്: ലഹരിമരുന്ന് വേട്ടയില്‍ ദുബായ് പൊലീസിന് റെക്കോര്‍ഡ്. യുഎഇയുടെ ചരിത്രത്തിലെ തന്നെ ലഹരിമരുന്ന് വേട്ടയില്‍ 280 മില്യണ്‍ ദര്‍ഹം വിലമതിക്കുന്ന 365 കിലോയോളം ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. വാഹനത്തിന്റെ സ്പെയര്‍ പാര്ട്സുകള്ക്കുള്ളില് കടത്താന്‍ ശ്രമിച്ചവയില്‍ ഹെറോയിന്‍, ഹാഷിഷ്, ക്രിസ്റ്റല്‍മെത്ത് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ ഏഷ്യക്കാരായ 16 പേരെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് രാജ്യത്ത് ലഹരിവസ്തുക്കള്‍ വിതരണം ചെയ്യാന്‍ ശ്രമിച്ച രണ്ട് അന്താരാഷ്ട്ര ലഹരി മാഫിയ സംഘങ്ങളില്‍പ്പെട്ടവര്‍ പൊലീസ് പിടിയിലാകുന്നത്. 268 കിലോ ഹെറോയിന്‍,96 കിലോ ക്രിസ്റ്റല്‍ മിത്ത്, ഒരു കിലോ ഹാഷിഷ് എന്നിവയായിരുന്നു ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഹെറോയിന്‍ വേട്ടയാണിതെന്ന് പൊലീസ് അറിയിച്ചു.
ഓപ്പറേഷൻ ‘സ്റ്റോക്കർ’ എന്ന പേരിൽ അജ്മാൻ, ഷാര്‍ജ, ഉമ് അൽ ഖൈവാൻ പോലീസിന്റെ സംയുക്ത സഹകരണത്തോടെയായിരുന്നു രാജ്യത്ത് മയക്കു മരുന്ന് വ്യാപകമാക്കാനുള്ള സംഘത്തിന്റെ നീക്കം പൊലീസ് തകർത്തത്. രാജ്യത്ത് അന്താരാഷ്ട്ര ലഹരി മാഫിയ പ്രവർത്തിക്കുന്ന വിവരം ദുബായ് പൊലീസിനാണ് ലഭിച്ചത്. ഇതിന്റെ തുടർച്ചയായി നടത്തിയ അന്വേഷത്തിലാണ് സംഘം പിടിയിലാകുന്നത്. രാജ്യത്തെ യുവാക്കളെയായിരുന്നു ലഹരി സംഘം ലക്ഷ്യം വച്ചിരുന്നത്. വിവിധ രാജ്യങ്ങൾ വഴി ലഭിച്ച വിവരങ്ങളും അന്വേഷണത്തിന് സഹായകമായതായി പൊലീസ് അറിയിച്ചു. ഇന്റർപോളിന്റെ കൂടെ സഹായത്തോടെയായിരുന്നു അറസ്റ്റ്.