ഇനിയും വേണമോ മന്ത്രവാദക്കൊലകൾ?

0
109

നെയ്യാറ്റിൻകരയിൽ അമ്മയും മകളൂം ആത്മഹത്യ ചെയ്തതിന്റെ പിന്നിൽ ദുർമന്ത്രവാദവും ആഭിചാരക്രിയകളുമുണ്ടെന്ന് കേട്ട് ഞെട്ടിത്തരിച്ച് നിൽക്കുകയാണ് കേരളം. 

കുടുംബവഴക്കും സ്ത്രീധനത്തർക്കവുമൊക്കെ ചെന്നെത്തുന്നത് പെണ്ണ് വിവാഹം കഴിച്ചെത്തുന്ന കുടുംബത്തിലേക്ക് ണ്ടുവരുന്ന ദുർവിധിയെന്ന സങ്കൽപ്പത്തിലേക്കും അതിനുള്ള പരിഹാരത്തിലേക്കുമൊക്കെയാകുമ്പോൾ ഈ ദുർമന്ത്രവാദത്തിന്റെ ഇര ഇപ്പോഴും സ്ത്രീകളും കുട്ടികളും ആയിരിക്കുകയും ചെയ്യും. നെയ്യാറ്റിൻകരയിൽ തന്നെ മകളെ ബലിയർപ്പിക്കാനുള്ള ഒരു നീക്കം ആ കുട്ടിയുടെ ബാല്യകാലത്ത് ഉണ്ടായി എന്ന് വാർത്തകളുണ്ട്.

ഏതാനും വർഷം മുൻപ് നാല് യുവതികൾ ഒന്നിന് പുറകെ ഒന്നായി മന്ത്രവാദ ചികിത്സയുടെയും ആഭിചാര പ്രക്രിയയുടെയും ഫലമായി കൊല്ലപ്പെട്ടത് കേരളം മറന്നു കഴിഞ്ഞു. ഇടുക്കിയിൽ ഒരു കുടുംബം മുഴുവനും ദുർമന്ത്രവാദത്തിന്റെ പേരിലുള്ള തർക്കത്തിൽ കൊലചെയ്യപ്പെട്ടതും ആരോമോർക്കുന്നില്ല. എന്ത് അന്ധവിശ്വാസവും ചെലവാകുന്ന നാടായി കഴിഞ്ഞ കുറേ വർഷങ്ങളായി കേരളം മാറിയിട്ടുണ്ട്.

ജീവിതസങ്കീർണതകൾ വർദ്ധിച്ച ഒരു സമൂഹത്തിൽ മനുഷ്യമനസ്സ് സമാധാനത്തിനുള്ള വഴികൾ തേടുന്ന  എങ്ങിനെയൊക്കെ എന്ന് പറയുക വയ്യ. കേരളത്തിൽ തന്നെ ജാതകം, വാസ്തു, ജ്യോതിഷം എന്നിവ ഈ അന്വേഷങ്ങളുടെ ഭാഗമായി ഏറെക്കാലമായുണ്ട്. അവയിൽ ദുഷ്ടതയില്ലായിരിക്കാം, പക്ഷെ സ്ത്രീവിരുദ്ധത ഏറെ ഉണ്ട്. പാപജാതകം, ചൊവ്വാദോഷം എന്നിങ്ങിനെ സ്ത്രീജന്മത്തെ തടവറയിലാക്കുന്ന എത്ര ആശയങ്ങൾ!

അതിനുമപ്പുറമാണ് ഇഷ്ടകാര്യ ലബ്ധി, മാറാവ്യാധി ചികിത്സ, പിശാചിറക്ക്, പ്രേതബാധ, ശത്രു സംഹാരം എന്നിവക്കായുള്ള മന്ത്രവിദ്യകൾ. കേരളത്തിലെമ്പാടും വ്യാപകമായി  വാണിജ്യാടിസ്ഥാനത്തിൽ പ്രചരിപ്പിച്ച് വരുന്ന കാര്യങ്ങളാണിവയെല്ലാം. പ്രധാനമായും സ്തീകളെയാണ് ഇവയെല്ലാം ലക്ഷ്യമിടുന്നത്. അവയുടെ ഇരകളും സ്തീകളാണ്. അങ്ങിനെ നവോത്ഥാന ചിന്തയുടെ ഈറ്റില്ലമെന്നൊക്കെ കൊട്ടിഘോഷിക്കുന്ന കേരളം ചെന്നെത്തി നിൽക്കുന്നത് അപകടകരമായ ഒരു സാമൂഹിക കാലാവസ്ഥയിലാണ്. 

കേരളത്തെക്കാൾ സാമൂഹ്യ വളർച്ചയിൽ പിന്നിൽ നിൽകുന്ന മഹാരാഷ്ട്രയും കർണ്ണാടകവും അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര പ്രചാരകനായിരുന്ന നരേന്ദ്ര ധബോൾക്കർ മഹാരാഷ്ട്ര പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഹ്യൂമൻ സാക്രിഫൈസ് ആൻഡ് അദർ ഇൻഹ്യൂമൻ, ഈവിൾ ആൻഡ് അഘോരി പ്രാക്റ്റീസസ്  ആൻഡ് ബ്ലാക്ക് മാജിക് ആക്ട് മഹാരാഷ്ട്ര സർക്കാർ 2013ൽ നടപ്പാക്കുകയുണ്ടായി.  കർണാടകത്തിൽ കർണാടക പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ് ആൻഡ് ബ്ലാക്ക് മാജിക്ക് നിയമം 2017ൽ നിലവായിൽ വന്നു. 

കേരള യുക്തിവാദിസംഘത്തിന്റെ മുൻകൈയിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് ഇത്തരമൊരു നിയമത്തിനായുള്ള പരിശ്രമം നടന്നെങ്കിലും അതെവിടെയുമെത്തിയില്ല. ഇനിയും കൂടുതൽ ‘മന്ത്രവധ’ങ്ങൾക്കായി കാത്ത് നിൽകാതെ കേരളത്തിലും അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കേണ്ടത്തിലേക്കാണ് നെയ്യാറ്റിൻകരയിലെ അമ്മയുടെയും മകളുടെയും മരണം വിരൽ ചൂണ്ടുന്നത്. അത് കാണാൻ ‘നവോത്ഥാനകേരളത്തിന്’ ഇനിയെങ്കിലും കഴിയുമോ എന്നതാണ് ചോദ്യം.