പെൺകുട്ടികളുടെ സുരക്ഷ; രക്ഷിതാക്കളുടെ അറിവിലേക്ക്

0
72

തിക്കിലും തിരക്കിലും അകപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് പെൺകുട്ടികളെ ബോധവതികളാക്കുക.

പെൺ കുട്ടികളുടെ ശാരീരികാരോഗ്യം, മാനസികാവസ്ഥ, വിവേകം, ബുദ്ധിസ്ഥിരത തുടങ്ങിയവയെ ഹനിക്കാൻ കാരണമായ കൂട്ടുകെട്ടോ മറ്റ് ഘടകങ്ങളോ ശ്രദ്ധയിൽപെട്ടാൽ ആയത് കൃത്യമായും നിരീക്ഷിക്കുക.

കൂട്ടുകാരുമായി വീടിനു പുറത്ത് കളികളിൽ ഏർപ്പെടുമ്പോൾ അവർ ഏതു തരം കളികളിലാണ് ഏർപ്പെട്ടിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. പൊതു സ്ഥലങ്ങളിലെ ലൈംഗിക ചൂഷണത്തിനെതിരെ രക്ഷിതാക്കളുടെ കരുതൽ അനിവാര്യമാണ്.

അപരിചതരുടെ ലാളനയ്ക്ക് പാത്രമാവാതിരിക്കാൻ ശ്രദ്ധിക്കുക. പരിചയമില്ലാത്തവർ കൊഞ്ചിക്കുക, മടിയിൽ പിടിച്ചിരുത്തുക, മധുരപലഹാരങ്ങൾ വാങ്ങി നൽകുക തുടങ്ങിയ പ്രവണതയെ കുറിച്ച് പെൺകുട്ടികൾക്ക് മുന്നറിയിപ്പ് നൽകുക.

ഉത്സാഹവതിയായ കുട്ടിയുടെ പെട്ടെന്നുള്ള നിസ്സംഗതയും വിഷാദവും ഉന്മേഷക്കുറവും ശ്രദ്ധയിൽപ്പെട്ടാൽ വളരെ ക്ഷമയോടെ സ്നേഹത്തോടെ അവളിൽ നിന്നും കാര്യങ്ങൾ ഗ്രഹിച്ചെടുക്കുക.

കേബിൾ, കമ്പ്യൂട്ടർ നെറ്റ് വർക്കുകളുടെ നിയന്ത്രണം തങ്ങളുടെ മേല്നോട്ടത്തിലാണെന്ന് രക്ഷിതാക്കൾ തന്നെ ഉറപ്പ് വരുത്തുക. പുറത്തു നിന്നും വീട്ടിൽ എത്തുന്ന കുട്ടികളുടെ കൂട്ടുകാരും ഈ നിയന്ത്രണം മനസ്സിലാക്കുന്നു എന്നുറപ്പുവരുത്തുക.

ചില കാർട്ടൂൺ, സിനിമകളിലെങ്കിലും ലൈംഗികതയും അസഭ്യതയും കടന്നു കൂടുന്നത് നമുക്കറിയാം. കുട്ടികൾ സ്വന്തമായി കാർട്ടൂണുകൾ, സിനിമകൾ കാണുന്നതിന് മുൻപ് അത്തരം വിഡിയോകൾ രക്ഷിതാക്കൾ തന്നെ പരിശോധിച്ചു (ശ്രദ്ധിച്ചു ) നല്ലതാണോ എന്നുറപ്പു വരുത്തുക.

ജീവിതത്തിൽ ലൈംഗികതയുടെ പ്രാധാന്യത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും മുതിർന്ന പെൺകുട്ടികൾക്ക് രക്ഷിതാക്കൾ (പ്രധാനമായും അമ്മമാർ ) തന്നെ പ്രാഥമിക അവബോധം നൽകുക. സമൂഹത്തിൽ നിന്നും നേരിടാവുന്ന തെറ്റായ ലൈംഗിക അറിവുകളിൽ നിന്നും രക്ഷ നേടാൻ ഇതവർക്ക് തുണയാകും.

കഴിയുന്നതും മൂന്നു വയസ്സ് കഴിയുമ്പോൾ തന്നെ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ പ്രാധാന്യം കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കുക. അപരിചിതരെ ഒരിക്കലും തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ അനുവദിക്കാതിരിക്കുന്നതിനും അവരെ പറഞ്ഞു മനസിലാക്കുക.

മുതിർന്നവരിൽ ആരോടെങ്കിലും കുട്ടിക്ക് പ്രത്യേക അടുപ്പമോ അമിതമായ ഇടപെടലോ സ്നേഹക്കൂടുതലോ തോന്നുന്നുണ്ടെങ്കിൽ അത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കുക. ആശാസ്യമല്ലെന്ന് തോന്നുന്നവരുമായുള്ള ചങ്ങാത്തം നിർബന്ധമായും ഒഴിവാക്കുക. ഏതെങ്കിലും ആൾക്കാരെക്കുറിച്ച് കുട്ടികൾ പരാതി പറഞ്ഞാൽ നിസ്സംഗത പാലിക്കാതെ കാര്യം എന്താണെന്ന് തിരക്കി ഉചിത നടപടികൾ സ്വീകരിക്കുക.

തിരിച്ചറിയാൻ പാകമായ പ്രായമുള്ള കുട്ടികളുടെ മുന്നിൽ വച്ചുള്ള രക്ഷിതാക്കളുടെ വസ്ത്രധാരണം ചില കുട്ടികളിൽ മാനസിക അസ്വാസ്ഥ്യവും അനാവശ്യ ചിന്തകളും കടന്നു കൂടാൻ ഇടയാക്കൂന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് മുതിരുന്ന പ്രായത്തിൽ അവർ വസ്ത്രധാരണത്തിലെ സ്വകാര്യതയെ കുറിച്ചുള്ള പ്രാധാന്യം കുറച്ചുകാണാൻ ഇടവരുത്തുന്നു.

പരുഷനോടൊപ്പം തുല്യപ്രാധാന്യമുള്ളവരാണ് സ്ത്രീകൾ. പെൺകുട്ടികളുടെ ശോഭനമായ ഭാവി ഉറപ്പുവരുത്തേണ്ടത് ഓരോ രക്ഷിതാവിന്റേയും കടമയാണ്.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട നമ്പർ : 𝟭𝟬𝟵𝟭