ദുബായിൽ മരിച്ച എട്ടു മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

0
30

ദുബൈ ബസപകടത്തില്‍ മരണപ്പെട്ട എട്ടു മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്റെ മൃതദേഹം ഇന്ന് രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിച്ചു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും മേല്‍നോട്ടത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ജമാലുദ്ദീന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ത്ത് മൃതദേഹം ഏറ്റുവാങ്ങി. എംബാമിങ്ങ് നടപടി പൂര്‍ത്തീകരിച്ച് നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലാണ് ജമാലുദ്ദീന് ദുബൈ യാത്രാമൊഴി നല്‍കിയത്.

മലയാളികള്‍ ഉള്‍പ്പെടെ അപകടത്തില്‍ മരിച്ച മുഴുവന്‍ ഇന്ത്യക്കാരുടെയും മൃതദേഹം ഇന്നു തന്നെ നാട്ടിലെത്തിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും.

വ്യാഴാഴ്ച്ച വൈകീട്ടാണ് ഒമാനില്‍ നിന്ന് ദുബൈയിലെത്തിയ യാത്രാബസ് അപകടത്തില്‍പ്പെട്ട് എട്ടു മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരണപ്പെട്ടത്. ഇന്ത്യക്കാരുടെ മരണ സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ കൈമാറി. മലയാളികളില്‍ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ ഇന്ന് വൈകീട്ടോടെ തന്നെ എയര്‍ ഇന്ത്യ വിമാന മാര്‍ഗം കേരളത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സാമൂഹിക പ്രവര്‍ത്തകര്‍.