കുടിവെള്ളം തേടി പോയ അമ്മയെ കാക്കാതെ ഇന്ത്യൻ അഭയാർഥി ബാലിക യുഎസ് മരുഭൂമിയിൽ മരിച്ചു

0
41

മെക്‌സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറവേ കുടിവെള്ളം കിട്ടാതെ ഇന്ത്യൻ അഭയാർത്ഥി ബാലിക തളർന്നു
വീണു മരിച്ചു.ഏഴു വയസുകാരി ഗുർപ്രീത് കൗറാണു മരിച്ചത്.

അമ്മയുമൊത്ത് അമേരിക്കയിലേക്കു അഭയാർഥിയായി കുടിയേറാനുള്ള ശ്രമത്തിനിടെയായിരുന്നു മരണം. അരിസോണയിലെ ലൂക്ക് വില്ലിനടുത്തുള്ള യുഎസ് ബോർഡർ പട്രോളിലായിരുന്നു സംഭവം. മറ്റ് അഭർയാഥികളുടെ കൈയിൽ കുട്ടിയെ ഏൽപ്പിച്ചാണ് അമ്മ വെള്ളം തെരഞ്ഞു പോയത്.

സംഭവദിവസം ഈ പ്രദേശത്ത് 42 ഡിഗ്രി ആയിരുന്നു താപനില. അരിസോണയ്ക്കു തെക്കുള്ള മരുഭൂമികളിൽ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ഗുർപ്രീത്.

മനുഷ്യക്കടത്ത് സംഘമാണ് ഇന്ത്യൻ അമ്മയും കുഞ്ഞുമടങ്ങുന്ന അഞ്ചംഗ സംഘത്തെ അതിർത്തി കടത്താൻ ശ്രമിച്ചത്.രാവിലെ പത്തോടെയാണ് ഗുർപ്രീത് ഉൾപ്പെടെയുള്ള ഇന്ത്യൻ സംഘത്തെ ലൂക്ക് വില്ലിന് 27 കിലോമീറ്റർ പടിഞ്ഞാറുള്ള മരുഭൂമിയിൽ എത്തിച്ചത്.

കുറച്ചുസമയം നടന്നതോടെ ഇവർക്കു ദാഹിച്ചു. ഇതോടെ കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും വെള്ളം തപ്പിപ്പോയി. ഇതിനുശേഷം ഇവർ കുട്ടിയെ ജീവനോടെ കണ്ടില്ല. വെള്ളം തെരയുന്നതിനിടെ സ്ത്രീകൾക്കു മരുഭൂമിയിൽ വഴിതെറ്റി. ബുധനാഴ്ച രാവിലെ എട്ടോടെയാണ് രണ്ടു സ്ത്രീകളെയും ബോർഡർ പട്രോൾ കണ്ടെത്തുന്നത്.

പട്രോൾ ഏജന്‍റുമാർ കാൽപ്പാടുകൾ പിന്തുടർന്നതിനെ തുടർന്നായിരുന്നു ഇത്. ഉദ്യോഗസ്ഥരോട് ഇംഗ്ലീഷ് വശമില്ലാത്ത സ്ത്രീകൾ ആംഗ്യഭാഷയിൽ കാര്യങ്ങൾ വിശദീകരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ യുഎസ്, മെക്സിക്കോ അധികൃതർ നടത്തിയ തെരച്ചിലിൽ നാലു മണിക്കൂറിനുശേഷം അതിർത്തിയിൽനിന്ന് വെറും 1.6 കിലോമീറ്റർ മാത്രം അകലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

യുഎസ്-മെക്സിക്കോ അതിർത്തിയിലൂടെ അമേരിക്കയിലേക്ക് എത്താൻ ശ്രമിക്കുന്ന കുടിയേറ്റക്കാർക്ക് കൊടുംചൂട് കനത്ത ഭീഷണിയാണ്. മെക്സിക്കൻ അതിർത്തിയിലൂടെ അമേരിക്കയിലേക്കു കടക്കാൻ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ അടുത്തിടെ കുത്തനെ വർധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.