നികുതി റിട്ടേൺ ഫയൽ ചെയ്തോ? ഈ കാര്യങ്ങൾ കൂടെ ശ്രദ്ധിക്കൂ!

0
53

പ്രത്യക്ഷ നികുതി വ്യവസ്ഥകളിൽ നിരന്തരം വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ ഈ വർഷവും ചില നിർണ്ണായക മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? 

ഒന്നാമതായി, ഈ വർഷം മുതൽ നികുതി റിട്ടേൺ ഓൺലൈനായി  മാത്രമേ ഫയൽ ചെയ്യാനാവൂ. ഇനി മുതൽ കെട്ടുകണക്കിന് കടലാസുകളിലോ ഒറ്റത്താളിലോ പേപ്പർ ഫയലിംഗ് ഇല്ല. 

രണ്ടാമത്, ഈ വർഷം മുതൽ എല്ലാ വ്യക്തികളും റിട്ടേൺ ഫയൽ ചെയ്യണം. എൺപത് വയസിന് മുകളിൽ പ്രായമുള്ള ‘സൂപ്പർ സീനിയർ’ വ്യക്തികൾക്ക് മാത്രമേ ഈ നിബന്ധനയിൽ നിന്ന് ഒഴിവുള്ളൂ. ഭൂരിപക്ഷം പേരും കേട്ടിട്ടില്ലാത്ത ഒരു പുതിയ  വ്യവസ്ഥയായതിനാൽ ഈ വ്യവസ്ഥയ്ക്ക് വ്യാപക പ്രചാരണം നൽകുക.

നിങ്ങൾ 2018-19 സാമ്പത്തിക വർഷത്തിൽ ഭൂമിയോ മറ്റ് സ്ഥാവരവസ്തുക്കളോ ഏതെങ്കിലും ഇനം ഉത്പാദനോപകാരങ്ങളോ വിറ്റോ? എങ്കിൽ അത് ആർക്കാണോ വിറ്റത് ആ ആളിന്റെ മുഴുവൻ വിവരങ്ങളും നികുതി റിട്ടേണിന്റെ ഭാഗമായി സമർപ്പിക്കണം.

മുകളിൽ പറഞ്ഞതൊക്കെ വായിച്ച് ശപിക്കും മുൻപ് ഒരു ചെറിയ സന്തോഷ വാർത്ത കൂടെ കേൾക്കൂ.

ശമ്പളക്കാരായ  വ്യക്തികൾക്ക് റിട്ടേൺ ഫയലിംഗ് പ്രത്യക്ഷ നികുതി ബോർഡ് ഈ വർഷം മുതൽ എളുപ്പമാക്കിയിട്ടുണ്ട്. ഇനി മുതൽ നിങ്ങൾക്ക് ലഭിക്കുന്ന ഫോം 16ൽ ഉള്ള കാര്യങ്ങൾ അതേപോലെ റിട്ടേണിൽ ചേർത്താൽ മതി. ഫോം 16ന് രണ്ട് ഭാഗങ്ങളുണ്ടല്ലോ-16 എയും 16 ബിയും? അവയിലെ വിവരങ്ങൾ റിട്ടേണിൽ ചേർക്കുമ്പോൾ പലരും അറിയാതെ  വരുത്തുന്ന തെറ്റുകൾ നീക്കം ചെയ്യാനാണ് ഈ മാറ്റം.

നികുതി റിട്ടേൺ വർഷത്തിൽ നിങ്ങൾ എവിടെ താമസിക്കുന്നു  എന്നതും കൃത്യമായി രേഖപ്പെടുത്തണം. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവർ തങ്ങൾ ഏത് രാജ്യത്താണ് ജീവിക്കുന്നതെന്നു വെളിപ്പെടുത്തണം, ഒപ്പം നികുതിദായക തിരിച്ചറിയൽ നമ്പർ (ടാക്സ് പേയർ ഐഡന്റിറഫിക്കേഷൻ  നമ്പർ)  രേഖപ്പെടുത്തുകയും വേണം.

ഇന്ത്യയ്ക്കുള്ളിൽ താമസിക്കുന്നവരും ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഇന്ത്യൻ വംശജരും (പേഴ്‌സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ) തങ്ങൾ മുൻപത്തെ നാല് സാമ്പത്തിക വർഷങ്ങളിൽ എവിടെയാണ് താമസിച്ചിരുന്നതെന്ന് രേഖപ്പെടുത്തണം. ഓരോ നികുതിദായകയും തങ്ങളുടെ വാസസ്ഥലം കൃത്യമായി വെളിപ്പെടുത്തുന്നു എന്ന് ഉറപ്പു വരുത്താനാണിത്. 

ഇത്രയും വിവരങ്ങൾ സൂക്ഷിക്കൂ, നിങ്ങളുടെ ടാക്സ് റിട്ടേണിൽ   രേഖപ്പെടുത്തൂ, ഈ വാർത്ത ഏറ്റവുമേറെപ്പേരിലെത്തിക്കൂ