‘കിമോണോ’ ഇന്ന് ഒരു വസ്ത്രമല്ല, വിവാദമാണ്

0
177

അമേരിക്കൻ നടിയും പോപ്പ് താരവുമായ കിം കർദാഷിയാൻ പുതുതായി രൂപകൽപന ചെയ്ത ‘ഷേയ്പ് വെയർ’ വസ്ത്രനിര വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു.

സ്ത്രീകൾക്കുള്ള ‘ലിംഗറി’ (ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്ര) നിരയ്ക്ക് ഇട്ട പേരാണ് കർദാഷിയാനെ കുഴപ്പത്തിൽ ചാടിച്ചിരിക്കുന്നത്. പേരിതാണ്: ‘കിമോണോ’, ലോകത്തെല്ലാവർക്കും സുപരിചിതമായ ജാപ്പനീസ്‌ സ്ത്രീകളുടെ വസ്ത്രം. ശരീരമാകെ മൂടുന്ന ഒരു പരമ്പരാഗത വസ്ത്രത്തിന്റെ പേര് സ്ത്രീകളുടെ അടിവസ്ത്രത്തിനിട്ടത് സംസ്‌കാരബോധമില്ലാത്ത പ്രവൃത്തിയായിപ്പോയി എന്നാണ് വിമർശനം. 

കർദാഷിയാൻ സത്യത്തിൽ ചെയ്തത് തന്റെ പേര് ചെറുതായൊന്ന് മാറ്റി താൻ രൂപകൽപന ചെയ്ത വസ്ത്രനിരയ്ക്ക് നൽകുകയായിരുന്നു. കിം സൃഷ്ടിച്ച ‘കിമോണോ’ എന്ന അർത്ഥത്തിൽ. പക്ഷെ അമേരിക്കൻ സാംസ്കാരിക തൻപ്രമാണിത്തമാണെന്നും ജാപ്പനീസ് പാരമ്പര്യത്തട്ടുള്ള അവഹേളനമാണെന്നുമൊക്കെയുള്ള വിമർശനം അമേരിക്കയിലും പുറത്തും ഉയരുകയാണ്. 

“കിമോണോ കിമ്മിന്റെ ഷേയ്പ് വെയർ അനുഭവങ്ങളിൽ നിന്ന് ഉടലെടുത്തതാണ്. ഏത് ശരീരത്തിനും ചേരുന്ന വസ്ത്രനിര സൃഷ്ടിക്കാനുള്ള തീവ്രമായ അഭിലാഷമായിരുന്നു അതിന് പിന്നിൽ. (സ്ത്രീ) ശരീരത്തെ പുല്കിയുയർത്തി ശില്പഭംഗി നൽകുക എന്ന ലക്ഷ്യത്തോടെ…” ഇങ്ങിനെയാണ്‌ കർദാഷിയാന്റെ വെബ്സൈറ്റ് പുതിയ വസ്ത്രനിരയെ വിശേഷിപ്പിക്കുന്നത്. 

പക്ഷെ മറ്റുള്ളവർ അങ്ങിനെ കാണാൻ തയ്യാറല്ല. ‘കിമോണോ’ എന്ന് അടിവസ്ത്രനിരക്ക് പേരിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ച് ജപ്പാനിലെ ക്യോട്ടോ നഗരപിതാവ് ഡൈസക്കു കഡാക്കോവ  കർദാഷിയാന് കത്തെഴുതിയിരിക്കുകയാണ്. ജപ്പാൻറെ സാംസ്കാരിക ഈടുവയ്പ്പായ ‘കിമോണോ’ ലോകത്തെമ്പാടുമുള്ളവർ സ്വീകരിക്കുകയാണെന്നും യുനെസ്‌കോയുടെ ഇൻടാഞ്ജിബിൾ കൾച്ചറൽ ഹെറിറ്റേജ് ലിസ്റ്റിൽ പെടുത്തി ‘കിമോണോ സംസ്കാര’ത്തെ സംരക്ഷിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്ന കത്ത് കർദാഷിയാനെ ക്യോട്ടോ നഗരം സന്ദർശിക്കാൻ ക്ഷണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.

സാമൂഹികമാധ്യമങ്ങളിൽ കർദാഷിയാനെതിരെയുള്ള  വിമർശനം കുറേക്കൂടെ രൂക്ഷമാണ്. താൻ വിവാഹത്തിനണിഞ്ഞ കിമോണോ ധരിച്ചെടുത്ത ചിത്രത്തിനൊപ്പം ട്വിറ്ററിൽ മിസാക്കോ ഓയ് എന്ന വനിതാ എഴുതുന്നു: “ഇത് ഞാൻ എന്റെ വിവാഹത്തിന് അണിഞ്ഞ കിമോണോ ആണ്. കർദാഷിയാനോട് എനിക്കൊന്ന് ചോദിക്കാനുണ്ട്: അവർ തന്റെ വിവാഹത്തിനോ മാമോദിസായ്‌ക്കോ അണിഞ്ഞ വസ്ത്രം അടിവസ്ത്രമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവർക്കെന്ത് തോന്നും?”