
ന്യൂഡല്‍ഹി: അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നു രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസില്‍ രാജി തുടരുന്നു. കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് നാനാ പടോലെയാണ് അവസാനമായി രാജിവച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കൂട്ടുത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. മുമ്പ് ബിജെപി എംപിയായിരുന്ന പടോലെ, 2017ല്‍ പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കുകയും 2018ല്‍ കോണ്‍ഗ്രസില്‍ ചേരുകയുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ നിതിന്‍ ഗഡ്കരിക്കെതിരേ മല്‍സരിച്ച പടോലെ പരാജയപ്പെട്ടിരുന്നു.
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനും സ്വതന്ത്രമായി പുതിയ നേതാക്കളെ തിരഞ്ഞെടുക്കുന്നതിനും വേണ്ടിയാണ് നേതാക്കളുടെ രാജിയിലൂടെയുള്ള ഐക്യദാര്‍ഢ്യം. ഛത്തീസ്ഗഡിന്റെ ചുമതലയുള്ള പി എല്‍ പുനിയയും പടോലയ്ക്ക് പിന്നാലെ രാജിവച്ചിട്ടുണ്ട്. എഐസിസി നിയമവിഭാഗം തലവന്‍ വിവേക് തന്‍ഹയാണ് ആദ്യം രാജിവച്ചത്. പിന്നീട് ഗോവാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോഡങ്കാര്‍, മധ്യപ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപക് ബബറിയ, ഡല്‍ഹി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് രാജേഷ് ലിലോതിയ തുടങ്ങിവരും രാജിവച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഉന്നതപദവികള്‍ വഹിക്കുന്ന നേതാക്കള്‍ തയ്യാറാവുന്നില്ലെന്ന് രാഹുല്‍ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചതായി റിപോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു നേതാക്കളുടെ കൂട്ടരാജി. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും പുനസംഘടന നടത്തണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെ ആവശ്യമെന്ന് പി എല്‍ പുനിയ പ്രതികരിച്ചു. ഇതിന്റെ ഭാഗമായുള്ള സ്വാഭാവിക രാജിയാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.