കോണ്‍ഗ്രസിനെ പിന്തുണക്കുന്നത് നിര്‍ത്താന്‍ മുസ്ലിംങ്ങളോട് ഉവൈസി

0
265

ന്യൂഡല്‍ഹി: ഗോരക്ഷാ ക്രിമിനലുകള്‍ തല്ലിക്കൊന്ന പെഹ്ലുഖാനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി മജ്‌ലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസി.

പെഹ്ലുഖാന്‍ അക്രമിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിന്റെ ഇപ്പോഴത്തെ നടപടി എതിര്‍ക്കപ്പെടേണ്ടതാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുതലകണ്ണീര്‍ ഒഴുക്കുന്ന കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ ബി ജെ പിയുടെ തനിപകര്‍പ്പായി മാറുന്നു. ഇനിയും കോണ്‍ഗ്രസിനെ വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്യുന്നത് രാജസ്ഥാനിലെ മുസ്ലിംങ്ങള്‍ നിര്‍ത്തണമെന്ന് ഉവൈസി ആവശ്യപ്പെട്ടു.

അധികാരത്തിലെത്തിയാല്‍ ബി ജെ പിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും ഉവൈസി ആരോപിച്ചു.രാജസ്ഥാന്‍ കന്നുകാലി സംരക്ഷണ നിയമത്തിലെ വകുപ്പ് അഞ്ച്, എട്ട്, ഒമ്പത് പ്രകാരമാണ് പെഹ്ലു ഖാനും അദ്ദേഹത്തിന്റെ മകനും എതിരെ കേസെടുത്തത്. പശുമോഷണമാണ് ഇവര്‍ക്കെതിരെ ആരോപിച്ച കുറ്റം.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ ഡിസംബര്‍ 30നാണ് പെഹ്ലു ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം തയ്യാറാക്കിയത്. മെയ് 29ന് ബെഹ്‌റോറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് ഇത് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പെഹ്ലുഖാനെ കൂടാതെ അദ്ദേഹത്തിന്റെ രണ്ട് മക്കളായ ഇര്‍ഷാദ്, ആരിഫ്, കാലികളെ കൊണ്ട് പോകാന്‍ ഉപയോഗിച്ച പിക്ക് അപ്പ് ഉടമ എന്നിവര്‍ക്കെതിരെയും കേസുണ്ട്.