സംസ്‌ഥാനത്ത്‌ പോക്‌സോ കേസുകളിൽ വൻ വർധന

0
35

തിരുവനന്തപുരം:സംസ്‌ഥാനത്ത്‌ കുട്ടികളുടെ നേർക്കുള്ള അക്രമങ്ങളിൽ വൻ വർധനയുണ്ടായതായി റിപ്പോർട്ട്.2018 ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കുകളിലാണ് കേരളത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗീകാതിക്രമം വർധിച്ചതായി പറയുന്നത്.10 -16 വയസ്സ് വരെയുള്ള കുട്ടികളാണ് കൂടുതലായും പീഡനത്തിന് ഇരയാകുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു.തിരുവനന്തപുരത്തു മാത്രം 28 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.തൊട്ടുപിന്നിലായി കോഴിക്കോടും (17 ),കൊല്ലം (16 ) എന്നീ ജില്ലകളാണുള്ളത് .സംസ്‌ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.പോക്‌സോ നിയമങ്ങൾ ശക്തമായി നിലനിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തു വരുന്നത്.പിതാവിൽ നിന്നും അടുത്തുള്ള ബന്ധുക്കളിൽ നിന്നുമുള്ളതുമായ പരാതികളാണ് കൂടുതലായും ഉള്ളത്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പോക്‌സോ കേസുകളിൽ രണ്ടിരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്.

പോക്‌സോ കേസുകളിൽ ഒരു വർഷത്തിനുള്ളിൽ തീർപ്പുണ്ടാകണം എന്ന നിയമം നിലനിൽക്കുമ്പോഴും ഏഴു വർഷങ്ങൾക്ക് മുൻപുള്ള കേസുകളിൽ പോലും ഇതുവരെ വിധിയുണ്ടായിട്ടില്ല. കേരളത്തിൽ പോക്‌സോ കേസുകളിൽ 16.7 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുപോക്‌സോ നിയമം നിലവിൽ വന്നപ്പോൾ എല്ലാ ജില്ലകളിലും പോക്‌സോ കോടതികൾ ആരംഭിക്കണം എന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നു.എന്നാൽ തിരുവനന്തപുരത്തും,കോഴിക്കോടും ,എറണാകുളത്തും മാത്രമാണ് ഇത് ആരംഭിച്ചത്..