ബംഗ്ലാദേശ് എട്ടാമത്തെ റൺ എടുത്തപ്പോൾ പാകിസ്ഥാൻ പുറത്ത്

0
32

ബംഗ്ലാദേശിന്റെ എട്ടാമത്തെ റൺ പാകിസ്ഥാന്റെ നടുവൊടിച്ചു. ആ റൺ ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടിയുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ നിന്ന് പാകിസ്ഥാന് പുറത്തേക്കുള്ള വഴിയും തുറന്നു.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 315 റൺസ് നേടി. പക്ഷെ ബംഗ്ലാദേശിനെ ഏഴു റണ്ണുകൾക്ക് ഉള്ളിൽ പുറത്താക്കുക എന്ന അസംഭവ്യമായ ലക്ഷ്യം അവർക്ക് മുന്നിലെ വഴിയടച്ചു. ആകെ ആശ്വാസമായത് ലോക് കപ്പിന്റെ ചരിത്രത്തിൽ ഒരു മത്സരത്തിൽ  അഞ്ച് വിക്കറ്റുകൾ കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ  ബൗളറാകാൻ ഷഹീൻ അഫ്രിദിക്ക് കഴിഞ്ഞു എന്നതാണ്. 

തങ്ങളുടെ അവസാനത്തെ ലീഗ് മത്സരത്തിൽ ബംഗ്ലാദേശിനെ 94 റൺസിന്‌ തോൽപ്പിച്ച പാകിസ്ഥാന്  ന്യൂസിലൻഡിനൊപ്പം 11 പോയിന്റ് ഉണ്ട്. പക്ഷെ റൺ റേറ്റിൽ ന്യൂസിലാൻഡ് മുന്നിലാണ്. അങ്ങിനെ കയ്യാലപ്പുറത്തിരുന്ന ന്യൂസിലാൻഡ് ഇന്ത്യയ്ക്കും, ഓസ്‌ട്രേലിയക്കും, ഇംഗ്ലണ്ടിനുമൊപ്പം ലോകകപ്പിന്റെ സെമി ഫൈനൽ കളിക്കാൻ അർഹത നേടി. 

ഇന്ന് നടക്കുന്ന അവസാന ലീഗ് മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയോട് പരാജയപ്പെട്ടാലും ഇന്ത്യ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്ത് തുടരും. ഇന്ന് തന്നെ നടക്കുന്ന ഓസ്‌ട്രേലിയ-സൗത്ത് ആഫ്രിക്ക ലീഗ് മത്സരത്തിൽ ഓസ്‌ട്രേലിയ തോൽക്കുകയും ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും ചെയ്‌താൽ പോയിന്റ് നിലയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തും. 

അങ്ങിനെ വന്നാൽ സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളി നാലാം സ്ഥാനത്തുള്ള ന്യൂസിലൻഡാവും. ശ്രീലങ്കയോട് തോറ്റാൽ ഇംഗ്ലണ്ടും. ലീഗ് മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് മാത്രമാണ് അടിയറവ് പറഞ്ഞത്. ചൊവ്വാഴ്ച്ചയും ബുധനാഴ്ചയുമായി സെമി ഫൈനൽ മത്സരങ്ങൾ നടക്കും.