ആദിവാസി പെൺകുട്ടികളെ കൊണ്ട് ഹോസ്റ്റലിലെ കുളിമുറിയും അഴുക്കുചാലും വൃത്തിയാക്കിപ്പിച്ച്‌ ഹോസ്റ്റൽ അധികൃതർ

0
30

അഗളി: അഗളി പ്രീമെട്രിക് ഹോസ്റ്റലില്‍ വിദ്യാര്‍ഥികളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം കുളിമുറിയും അഴുക്കുചാലും വൃത്തിയാക്കിക്കുന്നെന്ന് രക്ഷിതാക്കളുടെ പരാതി. രക്ഷിതാക്കളോട് പരാതിപ്പെട്ടവരെ മുറിയില്‍ പൂട്ടിയിട്ടതായും ആരോപണമുണ്ട്. വിദ്യാര്‍ത്ഥിളെ അകാരണമായി പീഡിപ്പിക്കുന്നെന്ന് കാണിച്ച്‌ രക്ഷിതാക്കള്‍ ഐറ്റിഡിപി പ്രോജക്റ്റ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം രക്ഷിതാക്കളുടെ ആരോപണങ്ങള്‍ ഹോസ്റ്റല്‍ അധികൃതര്‍ തളളിക്കളയുകയാണ്. സംഭവം വാസ്തവ വിരുദ്ധമെന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ വിശദീകരിക്കുന്നത്. അനുസരണക്കേട് കാണിച്ച കുട്ടികളെ ശാസിക്കുകമാത്രമാണ് ചെയ്തതെന്നും അധികൃതര്‍ പറയുന്നു.

ആദിവാസി പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ ജോലിക്ക് ജീവനക്കാരുണ്ടെങ്കിലും കുട്ടികളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ചെയ്യിപ്പിച്ചു എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കുളിമുറികള്‍ കഴുകല്‍, അഴുക്കുചാല്‍ വൃത്തിയാക്കല്‍, വിറക് ചുമക്കല്‍ എന്നിവയെല്ലാം ചെയ്യാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാവുന്നെന്ന് രക്ഷിതാക്കള്‍ പറയുന്നു.

ഇതറിഞ്ഞ് വിവരങ്ങളന്വേഷിക്കാന്‍ ചെന്ന രക്ഷിതാക്കളോട് ഹോസ്റ്റല്‍ അധികൃ തര്‍ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയെന്നും ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച്‌ നടപടിയെടുക്കുമെന്നും പ്രോജക്റ്റ് ഓഫീസര്‍ അറിയിച്ചു.