
ബെംഗളൂരു: ലോകത്തിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ എഡ്-ടെക് കമ്പനിയായ ആപ്ലിക്കേഷനുമായ ബൈജൂസ് ലേണിങ് ആപ്പില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ക്യു.ഐ.എ.) 150 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നു. വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ പ്രമുഖ നിക്ഷേപകരായ ഔള്‍ വെഞ്ചേഴ്സും (Owl Ventures) നിക്ഷേപത്തില്‍ പങ്കാളികളാകും.ഔള്‍ വെഞ്ചേഴ്സ് ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പില്‍ നടത്തുന്ന ആദ്യ നിക്ഷേപം കൂടിയാണിത്.
സാങ്കേതിക സഹായത്തോടെയുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക വഴി ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് ഇതിന്റെ സേവനം എത്തിച്ചു നൽകുകയാണ് ലക്ഷ്യം.ഇത്തരം നിക്ഷേപങ്ങള്‍ ആഗോളതലത്തില്‍ വ്യക്തിഗത ഡിജിറ്റല്‍ പഠനത്തിന്റെ വ്യാപനത്തിന് സഹായിക്കുമെന്ന് ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകനും സി.ഇ.ഒ.യുമായ ബൈജു രവീന്ദ്രന് പറഞ്ഞു.
ആധുനിക രീതിയിൽ പുതിയ പഠനമാർഗങ്ങൾ അവലംബിച്ചുകൊണ്ടുള്ള ബൈജൂസ് ആപ്പുമായുള്ള സഹകരണം വിദ്യാർഥികൾക്ക് ഏറെ ഗുണം ചെയ്യുമെന്നും, മികച്ച പഠന അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്നും ഔള്‍ വെഞ്ചേഴ്സ് മാനേജിങ് ഡയറക്ടര്‍ അമിത് പട്ടേല്‍ പറഞ്ഞു.