അമേരിക്കൻ ഗ്രീൻ കാർഡിനുള്ള നീണ്ട കാത്തിരിപ്പവസാനിക്കുന്നു

0
109

ഓരോ രാജ്യത്ത് നിന്നുമുള്ളവർക്ക് ഗ്രീൻ കാർഡ് നൽകുന്നതിന് ഏർപെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള ബിൽ ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ്സ്  പാസ്സാക്കിയതോടെ അമേരിക്കയിൽ സ്ഥിരതാമസത്തിന് ആഗ്രഹിക്കുന ആയിരക്കണക്കിന് പ്രഫഷനലുകൾക്ക് പ്രതീക്ഷക്ക് വകയായി. 

ബുധനാഴ്ച്ച ഹൗസ് അംഗീകരിച്ച ബിൽ നിയമമാകുന്നതോടെ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഐടി പ്രഫഷനലുകളടക്കം ഉന്നതവിദ്യാഭ്യാസം നേടിയവരുടെ പെർമനന്റ് റെസിഡൻസ് അനുമതിക്കുള്ള നീണ്ട കാത്തിരിപ്പിന് വിരാമമാകും. നിലവിൽ ആകെ നൽകുന്ന ഗ്രീൻ കാർഡുകളുടെ ഏഴുശതമാനം മാത്രമാണ് ഒരു രാജ്യത്ത് നിന്നുള്ളവർക്കായി മാറ്റിവയ്ക്കുന്നത്. ബില്ലിലെ വ്യവസ്ഥ പ്രകാരം ഇത് 15 ശതമാനമായി ഉയരും.

ഭൂരിപക്ഷം ഐടി പ്രഫഷനലുകളും അമേരിക്കയിലെത്തുന്നത് എച്ച് 1 ബി വിസയുടെ അടിസ്ഥാനത്തിലാണ്. സ്ഥിരതാമസത്തിന് അനുമതി നൽകുന്ന ഗ്രീൻ കാർഡ് ലഭിക്കുക എന്നത് നിലവിലെ വ്യവസ്ഥകൾ പ്രകാരം ഏതാണ്ട് നടപ്പില്ലാത്ത കാര്യമാണ്. ഐടി കമ്പനികളടക്കമുള്ളവർ കഴിഞ്ഞ നിരവധി വര്ഷങ്ങളായി ഈ അവസ്ഥയ്ക്കൊരു മാറ്റം വേണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും അത് പരിഗണിക്കപ്പെട്ടിരുന്നില്ല. 

സമീപകാല പഠനങ്ങൾ കാട്ടുന്നത് ഇന്ത്യയിൽ നിന്നുള്ള ഐടി പ്രഫഷനലുകൾക്ക് ഗ്രീൻ കാർഡിനായി നിലവിലെ വ്യവസ്ഥകൾ പ്രകാരം 70 വര്ഷം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ്. ഈയവസ്ഥയിൽ നിരാശരായ ആയിരക്കണക്കിന് ഐടി പ്രഫഷനലുകൾ അടക്കമുള്ളവർ കാനഡയിലേക്ക് കുടിയേറാനാരംഭിച്ചിരുന്നു. കാനേഡിയൻ ഇമ്മിഗ്രേഷൻ നയങ്ങൾ ഉദാരമായതിനാൽ ആയിരക്കണക്കിനാളുകൾ ഇതിനകം കാനഡയിൽ എത്തിയിട്ടുണ്ട്.

ഹൗസ് പാസ്സാക്കിയ ബില്ലിലെ വ്യവസ്ഥകൾ പ്രകാരം ഇനി ദീർഘകാലം ഗ്രീൻ കാർഡിനായി അപേക്ഷിച്ച് കാത്തിരിക്കേണ്ടി വരില്ല. ഈ ബില്ലിലൂടെ ചൈനീസ് പൗരർക്കും ഗുണമുണ്ടാകും. ആ രാജ്യത്ത് നിന്നുള്ളവർക്ക് വിസ നൽകുന്നതിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകുന്നതോടെയാണിത്. ബിൽ ഇനി റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിന്റെ പരിഗണനയ്ക്ക് പോകും. സെനറ്റ് അംഗീകരിച്ചാൽ ഒപ്പുവയ്ക്കുന്നതിനായി പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന് മുന്നിലെത്തും.