ആഗോളതാപനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 31% കുറച്ചു: പഠനം

0
87

ആഗോളതാപനത്തിന് ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ കനത്ത വില നൽകുകയാണെന്ന് പഠനങ്ങൾ കാട്ടുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് തന്നെയും ആഗോളതാപനം ഏല്പിച്ച ആഘാതം കനത്തതാണ്. ഇതിനകം എന്താകുമായിരുന്നോ അതിന്റെ 31% ചെറുതാണിപ്പോള്‍ ഇന്ത്യൻ സമ്പദ്ഘടനയുടെ വലിപ്പമെന്നാണ് സ്റ്റാൻഫഡ് സർവ്വകലാശാല നടത്തിയ പഠനം കാട്ടുന്നത്. അതിനുള്ള മുഖ്യ കാരണമാകട്ടെ ആഗോളതാപനവും.

ഇതിന്റെ മറ്റൊരു പരിണതി നിലവിലുള്ള അസമത്വങ്ങളും വർദ്ധനവാണെന്നും അമേരിക്കൻ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ മാസികയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നു. 1960കള്‍ മുതല്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ ഹരിതഗൃഹവാതകങ്ങളുടെ അളവ് വര്‍ദ്ധിച്ചുവരുകയാണ്. ഇതിന്റെ ഫലമായി ഇന്ത്യ, നൈജീരിയ തുടങ്ങിയ ഉഷ്ണമേഖലാ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞപ്പോള്‍ നോര്‍വേ, സ്വീഡന്‍ തുടങ്ങിയ തണുപ്പ് കൂടിയ രാജ്യങ്ങളെ അത് സമ്പന്നമാക്കി. 

ആഗോളതാപനം ഇല്ലായിരുന്നുവെങ്കില്‍ ലോകത്തിലെ ദരിദ്രരാഷ്ട്രങ്ങള്‍ക്കുണ്ടാകുമായിരുന്ന ദാരിദ്ര്യത്തേക്കാള്‍ കൂടുതലാണ് ഇപ്പോഴത്തെ ദാരിദ്ര്യമെന്നാണ് സ്റ്റാന്‍ഫഡ് സർവകലാശാലയിലെ ഗവേഷകർ പറയുന്നത്. അതുപോലെ ആഗോള താപനം ഇല്ലായിരുന്നുവെങ്കില്‍  സമ്പന്ന രാജ്യങ്ങളില്‍ ഭൂരിപക്ഷവും ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ സമ്പന്നമാകുകയും ചെയ്യുമായിരുന്നു.

ആഗോള താപനം 1961 മുതല്‍ 2010 വരെയുള്ള കാലയളവിൽ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലെ ഓരോ ആളിന്റെയും സമ്പത്തില്‍ 17 മുതല്‍ 30 ശതമാനം വരെ കുറവുണ്ടാക്കിയതായാണ് പഠനത്തില്‍ തെളിഞ്ഞത്. അതേസമയം കാലാവസ്ഥ വ്യതിയാനം ഇല്ലായിരുന്നുവെങ്കില്‍ ആളോഹരി സാമ്പത്തിക ഉല്‍പ്പാദനത്തില്‍ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള രാജ്യങ്ങളും താഴ്ന്ന നിലയിലുള്ള രാജ്യങ്ങളും തമ്മിലുണ്ടാകുമായിരുന്ന അന്തരത്തെക്കാള്‍ 25 ശതമാനത്തോളം കൂടുതലാണ് ഇപ്പോഴുള്ള അന്തരമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഓരോ വര്‍ഷവും താപനിലയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാക്കുന്ന സ്വാധീനം ചെറുതായി കാണപ്പെടുമെങ്കിലും കാലാന്തരത്തില്‍ അതുണ്ടാക്കുന്നതായ നേട്ടങ്ങളോ കോട്ടങ്ങളോ വളരെ വലുതായിരിക്കും. അതൊരു സേവിങ്‌സ് അക്കൗണ്ട് പോലെയാണ്. പലിശ നിരക്കിലുണ്ടാകുന്നതായ ചെറിയ മാറ്റങ്ങള്‍ 30-50 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അക്കൗണ്ടിലെ തുകയിലുണ്ടാക്കുന്ന വ്യത്യാസം വളരെ വലുതായിരിക്കുമല്ലോ.

ദശകങ്ങളായുള്ള താപനം സമ്പദ്ഘടനയിലുണ്ടാക്കിയ വ്യത്യാസത്തിന്റെ ആകെത്തുകയാണ് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് സംഭവിച്ച 31% ചുരുക്കം. രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക വിടവ് സമീപദശകങ്ങളില്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആഗോള താപനം ഇല്ലായിരുന്നുവെങ്കില്‍ വിടവ് ഇതിലും വേഗത്തിൽ നികത്തപ്പെടുമായിരുന്നു. 165 രാജ്യങ്ങളുടെ കഴിഞ്ഞ 50 വര്‍ഷത്തെ വാര്‍ഷിക താപനിലയും ജിഡിപി വളര്‍ച്ചയും വിശകലനം ചെയ്ത ശേഷമാണ് താപനിലയിലെ വ്യതിയാനങ്ങള്‍ സാമ്പത്തിക വളര്‍ച്ചയിലും വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നതായ നിഗമനത്തില്‍ ഗവേഷകർ എത്തിയത്. 

ശരാശരിയേക്കാള്‍ താപനില ഉയര്‍ന്ന  വര്‍ഷങ്ങളില്‍ തണുപ്പ് രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ചക്ക് വേഗത കൂടിയതായും ഉഷ്ണ രാജ്യങ്ങളില്‍ വേഗത കുറഞ്ഞതായും പഠനം പറയുന്നു. താപനില വളരെ കൂടുകയോ വളരെ കുറയുകയോ ചെയ്യാത്ത അവസരങ്ങളില്‍ കൃഷിവിളകള്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമത കൈവരിക്കുകയും ജനങ്ങള്‍ ആരോഗ്യമുള്ളവരായിരിക്കുകയും ജോലിയില്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമത പ്രകടമാക്കുകയും ചെയ്തുവെന്ന് ഗവേഷക ടീം അംഗങ്ങൾ പറയുന്നു.

ഇതിനര്‍ത്ഥം തണുപ്പ് രാജ്യങ്ങളില്‍ താപനില അല്‍പ്പം ഉയരുന്നത് സഹായകമാകുമെന്നാണ്. അതേസമയം ചൂട് കൂടിയ രാജ്യങ്ങളില്‍ താപനിലയിലെ ഉയര്‍ച്ച ദോഷകരവുമാകും. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഗവേഷണ  കേന്ദ്രങ്ങള്‍ വികസിപ്പിച്ച 20 കാലാവസ്ഥാ മാതൃകകളിലെ സ്ഥിതിവിവരക്കണക്കുകള്‍ സംയോജിപ്പിച്ചായിരുന്നു പഠനം നടത്തിയത്. ഈ മാതൃകകള്‍ ഉപയോഗപ്പെടുത്തി  മനുഷ്യനിര്‍മ്മിതമായ കാലാവസ്ഥാവ്യതിയാനം ഓരോ രാജ്യത്തെയും എത്രത്തോളം ചൂട് പിടിപ്പിച്ചുവെന്നു വിലയിരുത്തുകയും താപനിലയില്‍ വര്‍ദ്ധനവുണ്ടായില്ലായിരുന്നുവെങ്കില്‍  ആ രാജ്യം കൈവരിക്കുമായിരുന്ന സാമ്പത്തികവളര്‍ച്ച നിര്‍ണ്ണയിക്കുകയുമാണ് ഗവേഷകര്‍ ചെയ്തത്. 

മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയെ ആഗോള താപനം സഹായിക്കുകയോ അല്ലെങ്കില്‍ ദോഷകരമായി ബാധിക്കുകയോ ചെയ്തുവെന്നത് വ്യക്തമാണ്. പ്രത്യേകിച്ച് ഉഷ്ണമേഖലാ രാജ്യങ്ങള്‍   ശരിയായ സാമ്പത്തിക വളര്‍ച്ചക്ക് അനുകൂലമായ താപനിലയില്‍ നിന്നും അകലെയായിരുന്നു. ഭൂമധ്യരേഖയുടെ വളരെ അകലത്തിലല്ലാത്ത യുഎസ്, ചൈന, ജപ്പാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ചയെ താപനം എത്രത്തോളം സ്വാധീനിച്ചുവെന്ന് അത്ര വ്യക്തമല്ല. ഇവയുള്‍പ്പടെയുള്ള മിതോഷ്ണ മേഖലയില്‍പ്പെട്ട രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ താപനമുണ്ടാക്കിയ സ്വാധീനം 10 ശതമാനത്തില്‍ കുറവായിരുന്നുവെന്നാണ് വിശകലനത്തില്‍ തെളിഞ്ഞത്.