കാൻസർ രോഗികളായ കുരുന്നുകൾക്ക് തണലേകാൻ ടാറ്റാ മെമ്മോറിയൽ മാതൃക

0
31

മുംബൈ : മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലാണ് ഈ മാതൃക പദ്ധതി നടപ്പാക്കിയത്. ഇത് പ്രകാരം 2018ല്‍ ആശുപത്രി കാന്‍സര്‍ ബാധിച്ച 2800 കുട്ടികള്‍ക്കായി ചാരിറ്റി ഇനത്തില്‍ ചെലവഴിച്ചിരിക്കുന്നത് 35 കോടി രൂപയാണ്. ആശുപത്രി ആരംഭിച്ച പ്രത്യേക ചാരിറ്റി പ്രോഗ്രാം അനുസരിച്ച്‌ 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാന്‍സര്‍ ബാധിച്ചാല്‍ ചികിത്സ മാത്രമല്ല ഭക്ഷണവും വിദ്യാഭ്യാസവും സൗജന്യമായി ലഭ്യമാക്കുന്നതാണ്.

2009 ലായിരുന്നു ആശുപത്രി ഇത് സംബന്ധിച്ച പരീക്ഷണം ആരംഭിച്ചിരുന്നത്. ഇതിനായി അന്ന് ഹോസ്പിറ്റലിലെ പീഡിയാട്രിക് കാന്‍സര്‍ ഡിപ്പാര്‍ട്ട്മെന്റ് 60 ലക്ഷം രൂപയായിരുന്നു സമാഹരിച്ചിരുന്നത്. 15 വയസിന് താഴെ പ്രായമുള്ളവരും കാന്‍സര്‍ ബാധിച്ചവരുമായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.

ഇവിടുത്തെ പീഡിയാട്രിക് ഡിപ്പാര്‍ട്ട്മെന്റിന് ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്ന 50ല്‍ അധികം ടീം അംഗങ്ങളുണ്ട്. കാന്‍സര്‍ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചികിത്സ മാത്രമല്ല ഭക്ഷണം, പഠനാവശ്യങ്ങള്‍ എന്നിവ തികച്ചും സൗജന്യമായി ലഭ്യമാക്കി വരുന്നുണ്ട്. രോഗികളായ കുട്ടികള്‍ക്ക് താമസം, യാത്ര, ന്യൂട്രീഷ്യണല്‍ സപ്ലിമെന്റുകള്‍, തുടങ്ങിയവക്ക് വേണ്ടി വരുന്ന ചെലവ് നല്കിവരുന്നുണ്ട്.ആറു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ഇത്തരം സൗജന്യ സഹായം കുട്ടികള്‍ക്ക് നൽകുന്നുണ്ട്. ഇവര്‍ ചികിത്സ ഉപേക്ഷിച്ച്‌ പോകാതിരിക്കാനാണ് സമസ്ഥ മേഖലകളിലും സൗജന്യ സഹായം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ പിന്തുണയേകുന്നതിലൂടെ കാന്‍സര്‍ ചികിത്സ ഉപേക്ഷിച്ച്‌ പോകുന്നവരുടെ എണ്ണം 20 ശതമാനത്തില്‍ നിന്നും 4 ശതമാനമായി കുറയ്ക്കാനായെന്നാണ് റിപ്പോർട്ട്. കുട്ടികളിലെ കാൻസർ ചികിത്സ നൽകി ഭേദമാക്കാം എന്നതാണ് ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണം.

കാന്‍സര്‍ ചികിത്സ തേടിയെത്തുന്ന ഓരോ കുട്ടിക്കും കുടുംബപശ്ചാത്തലം നോക്കാതെ പൂര്‍ണമായ പിന്തുണ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി 2009ല്‍ ഇവിടെ ഇംപ്രൂവിങ് പീഡിയാട്രിക് കാന്‍സര്‍ കെയര്‍ ആന്‍ഡ് ട്രീറ്റ്മെന്റ് അഥവാ ഇംപാട്ക് സ്ഥാപിക്കുകയായിരുന്നു. കോര്‍പറേറ്റ് ഹൗസുകള്‍, വ്യക്തികള്‍, പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകള്‍ പോലുള്ള വിവിധ ഉറവിടങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിക്കാറുണ്ട്.