കാന്‍സറിനെ പേടിച്ച്‌ ഇനി കാപ്പി കുടിക്കാതിരിക്കണ്ട; കാപ്പി പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

0
99

കാപ്പി അധികമായാല്‍ കാന്‍സര്‍ വരുമെന്ന വാര്‍ത്ത കേട്ട് വിഷമിച്ചിരിക്കുന്ന കാപ്പി പ്രിയര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ദിവസത്തില്‍ ഒരു കാപ്പി കുടിക്കുന്നത് ഒരിക്കലും കാന്‍സറിന് കാരണമാകില്ലെന്ന് കണ്ടെത്തല്‍. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത് കാപ്പി കുടിക്കുന്നത് ഒരാളെ കാന്‍സര്‍ രോഗി ആക്കില്ലെന്നാണ്. ക്യുഐഎംആര്‍ ബെര്‍ഗോഫര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പഠനം സംഘടിപ്പിച്ചത്. 

കാപ്പി കുടിക്കുന്ന മൂന്ന് ലക്ഷത്തിലധികം ആള്‍ക്കാരുടെ ജനിതക ഡാറ്റ പരിശോധിച്ചു. ഇത് കാപ്പിയുടെ ഉപയോഗം കുറയ്ക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത ഒഴിവാക്കുമോ എന്ന വിഷയത്തില്‍ കൃത്യമായ സൂചന നല്‍കാന്‍ സഹായിച്ചു.

ജനിതകമായ വസ്തുതകള്‍ ഒരിക്കലും തെറ്റാകില്ലെന്നും അതുകൊണ്ട് തന്നെ കാപ്പി കുടിക്കുന്നത് കാന്‍സറിന് കാരണമാകില്ലെന്ന് ഉറപ്പിച്ച്‌ പറയാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പക്ഷേ മറ്റ് ഏതെങ്കിലും രോഗങ്ങള്‍ക്ക് കാപ്പി കാരണമാകുമോ എന്നതില്‍ ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണ്‌.

കാപ്പിയില്‍ കാന്‍സറിനു കാരണമായേക്കാവുന്ന കാര്‍സിനോജന്‍ ഉണ്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. പക്ഷേ അത് തെളിയിക്കാന്‍ ഇതു വരെ പറ്റിയിട്ടില്ല. ഹൃദയാരോഗ്യത്തിനും കാന്‍സര്‍, പ്രമേഹം, പക്ഷാഘാതം, കരള്‍ രോഗങ്ങള്‍, ഓര്‍മക്കുറവ് എന്നിവയെ പ്രതിരോധിക്കാനും കാപ്പിക്കു കഴിയുമെന്ന് കുറച്ച്‌ നാള്‍ മുന്‍പ് നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കാപ്പിയുടെ അളവ് കുറയ്ക്കുന്നത് ഗര്‍ഭിണികള്‍ക്കും കുഞ്ഞിനും നല്ലതാണെന്ന് വിദഗ്ദര്‍ പറയുന്നുണ്ട്. അതേ സമയം ഫില്‍റ്റര്‍ ചെയ്ത കാപ്പി കുടിച്ചാല്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കില്ല.